കോതമംഗലം: കുട്ടികളുടെ സുരക്ഷയും ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് വിമലഗിരി പബ്ലിക് സ്കൂളിന്റെ നേതൃത്വത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ നോ കീ ഫോര്‍ കിഡ്സ് റാലി സംഘടിപ്പിച്ചു. കോതമംഗലം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റാലി ഷിബു തെക്കുംപുറം എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് കറുത്തേടത്ത്, പ്രിന്‍സിപ്പല്‍ ജിസി സോജന്, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, മോട്ടോര്‍ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികളുടെ സൈക്ലിംഗ്, സ്കേറ്റിംഗ് പ്രകടനങ്ങള്‍, ബാന്റ്, വാദ്യമേളങ്ങള്‍, ഫ്ളാഷ് മോബ്, മൈം എന്നിവയുടെ അകമ്പടിയോടെ നടത്തിയ റാലി വര്‍ണ്ണാഭമായി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് തടയുക, കുട്ടികള്‍ക്ക് വാഹനങ്ങളുടെ താക്കോല്‍ കൈമാറാതിരിക്കുക റോഡ് അപകടങ്ങള്‍ കുറയ്ക്കുക രക്ഷിതാക്കളില്‍ ഉത്തരവാദിത്വബോധം വളര്‍ത്തുക എന്നീ സന്ദേശങ്ങളാണ് റാലിയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിച്ചത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ കെ ദീപു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളില്‍ നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഗീതാ ജയകുമാര്‍ അധ്യക്ഷതവഹിച്ചു. റോഡ് സുരക്ഷയെ കുറിച്ച് കോതമംഗലം പോലീസ് എസ്എച്ച്ഒ കെ.എച്ച് ഹാഷിം മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ആര്‍ടിഒ റെജി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ഡോ. ഇട്ടു ജെ അഞ്ചേരില്‍, എംവിഐ അരുണ്‍ കെ ശശിധരന്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍സ് കെ.ഡി ദിനേശ് കുമാര്‍, എബിന് ഐസക് എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കുള്ള പ്രൊഫിഷന്‍സി സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.






















































