കോതമംഗലം: പറമ്പിക്കുളം ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലസേചന വകുപ്പ്, വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. കേരളം ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍. പ്രിയേഷ്, കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ കെ. ബിജു, തമിഴ്നാട് ചീഫ് എന്‍ജിനീയര്‍ മുരുഗേശന്‍, തമിഴ്നാട് ഇല്ക്ട്രിസിറ്റി ബോര്‍ഡ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഗാനമൂര്‍ത്തി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെള്ളിയാഴ്ച 11-ന് തുടങ്ങിയ ചര്‍ച്ച മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീരുമാനമായില്ല. തുടര്‍ന്ന് വൈകിട്ടോടെ ചര്‍ച്ച അവസാനിപ്പിച്ച് പിരിഞ്ഞു. പറമ്പിക്കുളത്തേക്ക് ചിറ്റൂര്‍പുഴയിലും ഷോളയാറിലും ജലനിരപ്പ് താഴ്നിന്നിരിക്കുന്നത് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്. ജലനിരപ്പ് കുറഞ്ഞിരിക്കുന്നത് പാലക്കാട് ചിറ്റൂര്‍പുഴയും ചാലക്കുടി പുഴയുമായി ബന്ധപ്പെട്ട ജലസേചന പദ്ധതികളെയും വൈദ്യുതി പദ്ധതികളെയും ബാധിക്കും. ഒക്ടോബര്‍ 1 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവില്‍ ലഭിക്കേണ്ട ജലം സംബന്ധിച്ചായിരുന്നു ചര്‍ച്ച.
ഒന്നര മാസമായിട്ടും കരാര്‍ പ്രകാരമുള്ള ജലം ഇക്കുറി കേരളത്തിന് നല്‍കിയിട്ടില്ല. കേരളത്തിലെ പോലെ തമിഴ്നാട്ടിലും ജലക്ഷാമവും വരള്‍ച്ചയും നിലനില്‍ക്കുന്നത് കാരണമാണ് വെള്ളം നല്‍കാന്‍ സാധിക്കാത്തതെന്നാണ് തമിഴ്നാടിന്റെ വാദം. ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സെക്രട്ടറിതലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമാക്കുന്നതിന് ധാരണയായിട്ടാണ് പിരിഞ്ഞതെന്നാണ് അധികൃതരില്‍നിന്നും ലഭിച്ച വിവരം.





















































