കോതമംഗലം: കോതമംഗലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്നശോഭന പബ്ലിക് സ്കൂൾ രജതജൂബിലി നിറവിൽ.മികച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും മൂല്യാധിഷ്ഠിതമായ ആദർശങ്ങളും സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോൺ മാതേക്കൽ ആരംഭിച്ച ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂൾ വളർച്ചയുടെ പടവുകൾ പിന്നിട്ടപ്പോൾ അതിനെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ഒരു ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനമായി ഉയർത്തുക എന്ന ദീർഘവീക്ഷണത്തോടെ നസ്രത്ത് സന്യാസിനി സമൂഹം 2002-ൽ സി.ബി.എസ്.ഇ. പാഠ്യപദ്ധതിയിലുള്ള ശോഭന പബ്ലിക് സ്കൂളിന് തുടക്കം കുറിച്ചു.
ഫാ. ജോൺ മാതേക്കലിന്റെ വിദ്യാഭ്യാസ ദർശനങ്ങളിൽ രൂപംകൊണ്ട വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു ശോഭന പബ്ലിക് സ്കൂളിന്റെ ആരംഭം. വിജയകരമായ 25 വർഷങ്ങൾ പിന്നിട്ട് വിദ്യാലയം അഭിമാനകരമായി രജതജൂബിലി ആഘോഷിക്കുകയാണ്.രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് സ്കൂൾ പ്രത്യേകം മുൻഗണന നൽകിയതെന്നും സംഘടകർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം ഉയർത്തി വെള്ളിയാഴ്ച വൈകിട്ട് 3.30 ശോഭന സിൽവർ റൺ 2026- റൺ ഫോർ എക്സലൻസ് എന്ന പേരിൽ മിനി മാരത്തൺ സംഘടിപ്പിക്കുന്നു.
കോതമംഗലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് റവന്യൂ ടവറിന് സമീപം സമാപിക്കുന്ന മാരത്തൺ ഷിബ തെക്കുംപുറം എംഎൽഎ
ഉദ്ഘാടനം ചെയ്യും. റവന്യൂ ടവറിന് സമീപം
മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി
ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. പ്രിൻസിപ്പൽ സിസ്റ്റർ രൻജിൽ റാണി സിഎസ്എൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിസ്മരിയ സിഎസ്എൻ, ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സിജി അഗസ്റ്റിൻ, വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ്, പി.ടി.എ. പ്രസിഡന്റ് ബിനു ചെറിയാൻ എന്നിവർ പ്രസംഗിക്കും.
രജതജൂബിലിയുടെ സമാപന ആഘോഷമായ റൂഹ് – സിൽവർ ജൂബിലി സെലിബറേഷൻ 26ന് നടത്തും.ഉച്ചകഴിഞ്ഞ് രണ്ടിന് ശോഭന പബ്ലിക് സ്കൂളിൽ സേവനമനുഷ്ഠിച്ച മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, പി.ടി.എ. പ്രസിഡന്റുമാർ, ഡ്രൈവർമാർ എന്നിവരെ റൂഹിന്റെ ഭാഗമായി ആദരിക്കും. കൂടാതെ ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും വൈകുന്നേരം നാലിന് ഔദ്യോഗിക രജതജൂബിലി സമ്മേളനവും നടത്തും.മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവ്വഹിക്കും.
സിഎസ്എൻ സന്യാസിനി സമൂഹത്തിന്റെ
സുപ്പീരിയർ ജനറൽ മദർ ആനി ജോസ് സിഎസ്എൻ അധ്യക്ഷത വഹിക്കും. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യാതിഥിയാകും. ചലച്ചിത്രതാരം മനോജ് കെ. ജയൻ സെലിബ്രിറ്റി ഗസ്റ്റായും പങ്കെടുക്കും. സി എസ് എൻ സെന്റ് മേരീസ് പ്രൊവിൻസിന്റെ
പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ദിവ്യ വിശിഷ്ടാതിഥിയായിരിക്കും. എംഎൽഎമാരായ ഷിബു തെക്കുംപുറം, മാത്യു കുഴൽനാടൻ, മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു തുടങ്ങിയവർ പ്രസംഗിക്കും.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 27ന് വൈകുന്നേരം ഏഴിന് പത്തനംതിട്ട ഒറിജിനൽസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും നടത്തും. സംഗീതവിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസം, കല, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലായി നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് സ്കൂൾ പ്രത്യേകം മുൻഗണന നൽകിയത്. പിണവൂർക്കുടി ആദിവാസി മേഖലയിലും മറ്റ് പിന്നാക്ക പ്രദേശങ്ങളിലും സന്ദർശനം നടത്തി വിവിധ സേവനപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുകയും മാമലക്കണ്ടം ആദിവാസി മേഖലയിലെ ജനങ്ങൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. അർഹരായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനാവശ്യമായ വിദ്യാഭ്യാസ സഹായങ്ങളും നൽകി.കോഴിപ്പിള്ളി
സ്നേഹാശ്രമത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി. എളമ്പ്ലശ്ശേരി ഉന്നതിയിലെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. നാല് വൃദ്ധസദനങ്ങൾ സന്ദർശിച്ച് അന്തേവാസികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു
വിദ്യാർത്ഥികളുടെ വായന വായനാശീലം വളർത്തുന്നതിനും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘റീഡ് ആംഗിൾ, റൈറ്റ് ആംഗിൾ’ പദ്ധതികൾക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്തി 25 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ജൂബി വർഷത്തിൽ വിവിധ സെമിനാറുകൾ, സാമ്പത്തിക സാക്ഷരതാ ക്ലാസുകൾ, ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങൾ, ഗണിതശാസ്ത്ര പഠനയാത്രകൾ, ബഹിരാകാശ ഗവേഷണത്തെക്കുറിച്ചുള്ള ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചു.കായിക-കലാ മത്സരങ്ങളിൽ വിദ്യാർത്ഥികൾ നിരവധി നേട്ടങ്ങളും കൈവരിച്ചു.
നിലവിൽ നൽകി വരുന്ന ഫാ. ജോൺ മാതേക്കൽ സഹായനിധിക്ക് പുറമെ വിവാഹസഹായം, വിദ്യാഭ്യാസസഹായം, സൗജന്യ വിദ്യാഭ്യാസം, ഭവനനിർമാണ സഹായം, അടിസ്ഥാന സൗകര്യ വികസനം, ഗൃഹോപകരണ വിതരണം, ചികിത്സാ സഹായം തുടങ്ങി വിവിധ മേഖലകളിലേക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതിനായി രജതജൂബിലിയോടനുബന്ധിച്ച് ‘കാരുണ്യനിധി’ എന്ന പേരിൽ പുതിയ ജീവകാരുണ്യ പദ്ധതിക്കും തുടക്കം കുറിക്കുകയാണ്.
രജതജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ‘സിൽവറ’ ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. സ്കൂളിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ വിജ്ഞാനപ്രദവും ആകർഷകവുമായ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒ., എം. ബിറ്റ്സ് എൻജിനീയറിംഗ് കോളേജ്, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യേക പ്രദർശനങ്ങളും ഗെയിംസ്, ഭക്ഷ്യമേള, രക്തദാനം, മുടിദാനം, പ്രവർത്തനങ്ങളും അവയവദാന ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിയതായി സംഘാടകർ പറഞ്ഞു. പ്രിൻസിപ്പൽ രൻജിൽ റാണി, അഡ്മിനിസ്ട്രേറ്റർ സി. ലിസ്മരിയ, വൈസ് പ്രിൻസിപ്പൽ സി.നോയൽ, ലോക്കൽ മാനേജർ സി. ജിസ്മിൻ, ഹെഡ്മാസ്റ്റർ സിജി അഗസ്റ്റിൻ, പിടിഎ പ്രസിഡൻ്റ് ബിനു ചെറിയാൻ, അധ്യാപക പ്രതിനിധികളായ മിഷ റാണി ഡാർളി, പ്രിയ രവീന്ദ്രൻ, ആരോമൽ എന്നിവർ പങ്കെടുത്തു.






















































