കോതമംഗലം: ഷിബു തെക്കുംപുറം എംഎല്‍എ പ്രഖ്യാപിച്ച 30 ഇന 100 ദിന കര്‍മ്മപരിപാടിയുടെ പുരോഗതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. പ്രഖ്യാപിച്ച പദ്ധതികളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും മറ്റുചിലത് നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലേക്ക് കടക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 12 വര്‍ഷമായി മുടങ്ങിക്കിടന്ന കുടമുണ്ട പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തങ്കളംകോഴിപ്പിള്ളി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുത്തതും പ്രധാന നേട്ടമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബൈപ്പാസിന്റെ ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പത്ത് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ചേലാട് സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ഭരണാനുമതി പുതുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡിസംബര്‍ 31ന് മുന്‍പ് നിര്‍മ്മാണോദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. വന്യജീവി ആക്രമണം തടയുന്നതിനുള്ള സമഗ്ര പാക്കേജിന്റെ ഭാഗമായി 1.66 കോടി രൂപ അനുവദിച്ചു. തട്ടേക്കാട് മുതല്‍ നേര്യമംഗലം വരെയുള്ള പുഴയോരത്ത് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. പത്ത് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വൈദ്യുതി മന്ത്രിയും ജനപ്രതിനിധികളും പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. നിലവിലെ കരാറുകാരനെ ഒഴിവാക്കി ശേഷിക്കുന്ന പ്രവൃത്തികള്‍ക്കായി വീണ്ടും ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനം.
കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവലും ഭൂതത്താന്‍കെട്ട് ഓണം ഫെസ്റ്റും വിജയകരമായി സംഘടിപ്പിച്ചു. കോതമംഗലം ടൂറിസം സര്‍ക്യൂട്ടിന്റെ പ്രഖ്യാപനം ഡിസംബറില്‍ നടത്തും. കോതമംഗലത്ത് ഇന്‍ഫോപാര്‍ക്ക് സബ് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.ടി മന്ത്രിയുമായും ഇന്‍ഫോപാര്‍ക്ക് സിഇഒയുമായും ചര്‍ച്ചകള്‍ നടത്തി. ഇതിന്റെ തുടര്‍ച്ചയായി ഇന്‍ഫോപാര്‍ക്ക് സിഇഒ കോതമംഗലത്തെത്തി ടെക് റൗണ്ട് ടേബിള്‍ ചര്‍ച്ചയിലും പങ്കെടുത്തു. ഐ.ടി മേഖലയിലെ പുതിയ വികസനസാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. നെല്ലിക്കുഴി ഫര്‍ണിച്ചര്‍ മേഖലയ്ക്ക് ജി.ഐ. പദവി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫര്‍ണിച്ചര്‍ ഫെസ്റ്റിവല്‍ 2027 ജനുവരിയില്‍ സംഘടിപ്പിക്കും.
ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ടറിയുന്നതിനുള്ള ജനസമ്പര്‍ക്ക പരിപാടിക്ക് ഇന്ന് ( 12112026)ന കോട്ടപ്പടി പഞ്ചായത്തില്‍ തുടക്കമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും പരിപാടി സംഘടിപ്പിക്കും. ഡിസീസ് ഫ്രീ കോതമംഗലം പദ്ധതിയുടെ വിശദമായ രൂപരേഖ സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയായി നടപ്പാക്കുന്നതിനായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ കാത്തിരിക്കുകയാണ്. എംഎല്‍എയുടെ ഭവനനിര്‍മാണ പദ്ധതിയിലേക്കു ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചുവരികയാണ്. 2027ല്‍ കോതമംഗലം മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്കുന്ന റോഡ്മാപ്പ് തയ്യാറാക്കിവരികയാണെന്നും ഡിസംബറില്‍ ഇത് അവതരിപ്പിക്കുമെന്നും ഷിബു തെക്കുംപുറം എംഎല്‍എ അറിയിച്ചു.



















































