കോതമംഗലം: പത്ത് വർഷമായി നിർമ്മാണം മുടങ്ങിക്കിടന്ന ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഏറെ പ്രാധാന്യമർഹിക്കുന്ന സാഹചര്യത്തിൽ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി പ്രദേശവും ഇടമലയാർ അണക്കെട്ടും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരനുമായുണ്ടായിരുന്ന നിയമതർക്കത്തിൽ ഹൈക്കോടതി വൈദ്യുതി ബോർഡിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെതിരെ കരാറുകാരൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും അത് പരിഗണനയ്ക്ക് സ്വീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ അവശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനായി വീണ്ടും ടെൻഡർ വിളിച്ച് നിർമാണം പുനരാരംഭിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഷിബു തെക്കുംപുറം എംഎൽഎ നിയമസഭയിലുൾപ്പെടെ നടത്തിയ നിരന്തര ഇടപെടലുകളാണ് പത്ത് വർഷമായി മുടങ്ങിക്കിടന്ന പദ്ധതിക്ക് വീണ്ടും ചലനമുണ്ടാക്കിയത്.
നിയമസഭയിൽ വിഷയം സജീവമായി ഉന്നയിച്ചതിനെത്തുടർന്ന് മന്ത്രിതലത്തിൽ അടിയന്തര ശ്രദ്ധ ലഭിക്കുകയും മന്ത്രിയും ഡീൻ കുര്യാക്കോസ് എംപിയും പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തു. വൈദ്യുതി ബോർഡ് ഡയറക്ടർമാർ, ചീഫ് എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു. പദ്ധതിയുടെ നിലവിലെ സ്ഥിതിയും പൂർത്തിയാക്കാനുള്ള പ്രവൃത്തികളും തുടർനടപടികളും സംഘം വിലയിരുത്തി.
ഇടമലയാർ അണക്കെട്ടിനും പരിസരപ്രദേശങ്ങൾക്കും വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതകളുണ്ടെന്ന് മന്ത്രി പറഞ്ഞു. അണക്കെട്ടും അനുബന്ധ പ്രദേശങ്ങളും ഫെസ്റ്റിവൽ സമയങ്ങളിൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നതിനുള്ള സാധ്യതകൾ ഗൗരവമായി പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് അനുഭവമായി ചിന്തിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷയും മറ്റ് സാങ്കേതിക വശങ്ങളും പരിഗണിച്ചുകൊണ്ട് വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം അണക്കെട്ടിന്റെ സംഭരണശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ ജലം സംഭരിക്കുന്നതിനും ലഭ്യതയ്ക്കനുസരിച്ച് ജലസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, മുനിസിപ്പൽ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി കുര്യാക്കോസ്, കെ.പി. ജോർജുകുട്ടി, റീന ജോഷി, പി കെ മൊയ്തു, ബിന്ദു ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കളായ എ.ജി. ജോർജ്, കെ.പി. ബാബു, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം.എസ്. എൽദോസ്, എൽദോസ് കീച്ചേരി,അബു മൊയ്തീൻ, ഇബ്രാഹിം കവല, പി.എം. സക്കറിയ, എ.ടി. പൗലോസ് തുടങ്ങിയവർ പങ്കെടുത്തു.

















































