കോതമംഗലം: ആലുവ – മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 16 ന് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ എം പി, എംഎൽഎ, ജനപ്രതിനിധികൾ, പുരോഹിതർ, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ വനം വകുപ്പ് എടുത്തിരുന്ന കേസുകൾ പിൻവലിക്കാൻ ഉത്തരവിറക്കി.
വനം വകുപ്പ് മന്ത്രി ഷിബു ബേബിജോണിൻറ്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്ര ആണ് പ്രത്യേക ഉത്തരവിലൂടെ മലയാറ്റൂർ ഡി എഫ് ഒ ക്ക് നിർദ്ദേശം നൽകിയത്.
ജനകീയ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുമെന്ന് അന്നത്തെ മന്ത്രി പി രാജീവ്, മന്ത്രി എ കെ ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗം 2025 ൽ തീരുമാനമെടുക്കുകയും തുടർ നടപടികൾക്കായി ഇന്നത്തെ വനം മേധാവിയും അന്നത്തെ പ്രിൻസിപ്പൽ ഫോറസ്‌റ്റ് കൺസർവേറ്റർ (ഫോറസ്‌റ്റ് മാനേജ്മെൻറ്റ്) ആയിരുന്ന രാജേഷ് രവീന്ദ്രൻനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കേസുകൾ പിൻവലിച്ചില്ല എന്നുമാത്രമല്ല സമരത്തിൽ പങ്കെടുത്ത മണികണ്ടൻചാൽ സ്വദേശികളായ തൊട്ടപ്പള്ളിൽ ഷിനോ വർക്കി ,പുന്നത്താനത്ത്‌കുന്നേൽ ഷിബു ജോർജ്ജ് , മാമലക്കണ്ടം സ്വദേശി കാക്കനാട്ട് ബെന്നി എന്നിവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചു എന്നകുറ്റം ആരോപിച്ച് വനം വകുപ്പിൻ്റെ പരാതിയിന്മേൽ എഫ് ഐ ആർ ഇട്ട് കുട്ടമ്പുഴ പോലീസെടുത്ത കേസ് കോടതിയിൽ തുടരുകയാണ്. ആ കേസുകൾകൂടി പിൻവലിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നിർദ്ദേശപ്രകാരം ആഭ്യന്തരവകുപ്പ് കുട്ടമ്പുഴ പോലീസിൽനിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നത് ജില്ലാ പോലീസ് മേധാവി വഴി ഇതിനോടകംതന്നെ കൊടുത്തുകഴിഞ്ഞു. അക്കാര്യത്തിലും ഉടൻ തീരുമാനമാകും.
രാജപാത സമരവുമായി ബന്ധപ്പെട്ട് മാർ ജോർജ്ജ് പുന്നക്കോട്ടിൽ, ഡീൻ കുര്യാക്കോസ് എം.പി, ഷിബു തെക്കുംപുറം എംഎൽഎ , മുൻ എംഎൽഎ ആൻറണി ജോൺ അടക്കം കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ജനകീയ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ പൊതുപ്രവർത്തകർക്കെതിരെ എടുത്തിരിക്കുന്ന എല്ലാ കേസുകളും പിൻവലിക്കുമെന്ന തീരുമാനം നടപ്പാക്കുക എന്നുള്ളതായിരുന്നു മന്ത്രി ഷിബു ബേബിജോൺ തുടക്കം മുതലേ എടുത്തിരുന്ന നിലപാട്. ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടാകാൻ കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, ഡീൻ കുര്യാക്കോസ് എം.പി, ഷിബു തെക്കുംപുറം എം എൽഎ അടക്കമുള്ളവർ വനം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.




















































