കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെ ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം). നേര്യമംഗലം മുതല്‍ കുത്തുകുഴി വരെയുള്ള ഭാഗത്ത് നടത്തിയിട്ടുള്ള അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലം അപകടങ്ങള്‍ പെരുകുന്നതായും, ഒട്ടേറെ യാത്രക്കാരുടെ ജീവന്‍ ഹോമിച്ചതായും യോഗം വിലയിരുത്തി. അപകട വളവുകളില്‍ ആനുപാതികമായി സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടാത്തതും, വെള്ളക്കെട്ടുള്ളിടത്ത് പുതിയ കാനയിലൂടെ വെള്ളം ഒഴുകാത്തതിനാലും അപകടങ്ങള്‍ വര്‍ധിക്കുകയാണ്.
ഇപ്പോഴത്തെ റോഡ് വികസനം കൊണ്ട് കരാറുകാരന് അമിത ലാഭം കിട്ടിയതോഴിച്ചാല്‍ മറ്റാര്‍ക്കും പ്രയോജനമില്ലെന്നും, യാത്രക്കാര്‍ക്ക് പുതിയതായി യാതൊരു സൗകര്യങ്ങളും നല്‍കാത്തതും, ദുരിതങ്ങള്‍ നിത്യേന ഉണ്ടാകുന്നതുമായ റോഡില്‍ ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാന നിര്‍മ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണ് നിയമപരമായ നടപടികളോ നോട്ടീസോ ഇല്ലാതെ കരാറുകാരന്‍ വിറ്റഴിച്ചെന്നും, നേരത്തെ റോഡരികിലെ മരങ്ങള്‍ മുറിച്ചു മാറ്റിയതിലും സമാനമായ അഴിമതി നടന്നിട്ടുണ്ടെന്നും നേരത്തെ പരാതിയുണ്ടായിരുന്നു. അധികൃതരുടെ അനാസ്ഥ മൂലം ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിച്ച് യാത്രികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും, സുരക്ഷിതത്വവും ഉറപ്പുവരുത്താതെ ടോള്‍ പിരിവ് ആരംഭിച്ചാല്‍ ശക്തമായ് സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും, മുന്‍ എംഎല്‍എയുമായ അഡ്വ. ജോണി നെല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടോമി കെ തോമസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ റോണി മാത്യു, അഡ്വ പോള്‍ ഡേവിസ്, വി.സി മത്തച്ഛന്‍, ജിജോ പീച്ചാട്ട്, എ.ആര്‍ പൗലോസ്, ലിസി ജോസഫ്, മാത്യു ചേറ്റൂര്‍, സജി തടത്തില്‍, ജോസഫ് ആന്റണി, ബിനില്‍ വാവേലി, ബൈജു വര്‍ഗീസ്,ബെന്നി ചിറ്റൂപറമ്പില്‍, ഷാന്റി കോയിക്കകുടി, ബിനോയ് പള്ളത്ത്, പയസ് ആന്റണി, ജോര്‍ജ് മുടവുമുകള്‍, ജോസ് കൊച്ചുകരോട്ട്, സ്‌കറിയ തൊടുമേല്‍ എന്നിവര്‍ പ്രസംഗിച്ചു.



















































