കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ആരംഭിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രതിഷേധം ശക്തം. അടിവാട് ടൗണിനു സമീപം പന്ത്രണ്ട് ഏക്കറോളം വരുന്ന റബ്ബര്‍ എസ്റ്റേറ്റില്‍ ആരംഭിക്കുവാന്‍ വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെച്ച പ്ലൈവുഡ് കമ്പനികള്‍ക്ക് എതിരെ പ്രദേശവാസികളുടേയും വിവിധ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ ജനപ്രതിനിധികളുടേയും സംയുക്താഭിമുഖ്യത്തിലാണ് പ്രക്ഷോഭം നടക്കുന്നത്.
ഇരുനൂറില്‍പ്പരം കുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന പുഞ്ചക്കുഴിതണ്ട് കുടിവെള്ള പദ്ധതി, പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മറ്റ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അടിവാട് സെട്രല്‍ ജുമാമസ്ജിദ്, മദ്രസ്സ, ട്യൂഷന് സെന്ററുകള്‍, ടൗണിലെ നൂറ്റിഅന്‍പതില്‍ പരം വിവിധ വ്യാപാര സ്ഥാപനങ്ങള്‍, പദ്ധതി പ്രദേശത്തിന് ചുറ്റുമായി മുന്നൂറില്പരം വീടുകള്‍ തുടങ്ങിയവയുടെ എല്ലാം സമീപപ്രദേശത്താണ് പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ പോകുന്നത്.
കൂടാതെ ടൗണിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് ഇത്തരത്തില്‍ കമ്പനികള്‍ വരുമ്പോള്‍ അവിടെ നിന്നും പുറംതള്ളുന്ന മലിനജലം അടിവാട് ടൗണിലേക്ക് ഒഴുകി എത്തുകയും, അടിവാടിന്റെ ജല സ്രോതസ്സായ അടിവാട് ചിറമലിനമാകുകയും പിന്നീട് ഈ മലിനജലം മൈലൂര്‍ ചെമ്പഴതോട്ടിലൂടെയും മാവുടി, പറമ്പഞ്ചേരി തോട്ടിലൂടെയും ഒഴുകി പുളിന്താനത്ത് കാളിയാര്‍ പുഴയില്‍ പതിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് താമസക്കുന്ന ജനങ്ങളും പ്രദേശവാസികളും ടൗണിലെ വ്യാപാരികളും സ്കൂള്‍ അധികൃതരുമെല്ലാം കടുത്ത ആശങ്കയിലാണ്.വായുവും ജലവും മലിനമാകുന്നതോടൊപ്പം പ്രദേശവാസികളുടെ സൈ്വര്യ ജീവിതത്തിന് വിഖാതം സൃഷ്ടിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്ക് എതിരെ മുഴുവന്‍ ആളുകളുടേയും സംഘടനകളുടേയും പിന്തുണയോടെയാണ് ജനകീയ സമരം നടന്നു വരുന്നത്.

















































