മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പോത്താനിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് 6.30നും 7-നും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന കോതമംഗലം കുരൂര്‍ സ്വദേശി ഫ്രെഡി എല്‍ദോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിലെന്നാണ് എഫ്‌ഐആറിലുള്ളത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കിഴക്കന്‍ മേഖലയിലെ നിര്‍മാണ സൈറ്റുകളില്‍ നിന്ന് ചെമ്പുകമ്പികളും ഇലക്ട്രിക് വയറുകളും മോഷ്ടിക്കുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പെരുമറ്റത്ത് നിര്‍മാണത്തിലിരുന്ന വീട്ടിലെ എസി തകര്‍ത്ത് ചെമ്പുകമ്പി കവര്‍ന്നതും പേഴയ്ക്കാപ്പിള്ളിയില്‍ നിന്ന് വയറുകള്‍ മോഷ്ടിച്ചതും സമാന കേസുകളാണ്. രണ്ട് വര്‍ഷം മുന്‍പ് കെഎസ്ഇബി സബ് സ്റ്റേഷനിലെ സോളാര്‍ നിലയത്തില്‍ നിന്നും, കിഴക്കേക്കരയില്‍ ക്ഷേത്രോത്സവത്തിനിടെ ജനറേറ്റര്‍ കേബിളുകളും മോഷണം പോയിരുന്നു. ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെമ്പ്-വെങ്കല പാത്രങ്ങളുടെ മോഷണത്തിന് പുറമേ, നിര്‍മാണ മേഖല കേന്ദ്രീകരിച്ചുള്ള വയര്‍ കവര്‍ച്ച പ്രദേശവാസികളിലും കരാറുകാരിലും കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.




















































