കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍ പിതാവ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിനും, എംപി, എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍, പുരോഹിതര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ എടുത്തിരിക്കുന്ന എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് അന്നത്തെ വ്യവസായ – നിയമവകുപ്പ് മന്ത്രി പി രാജീവ്, വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, കോതമംഗലം എംഎല്‍എ ആന്റ്റണി ജോണ്‍, രൂപതാ പ്രതിനിധിയും കെസിബിസി സെക്രട്ടറിയുമായിരുന്ന ഫാ. അരുണ്‍ വലിയതാഴത്ത്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി കൃഷ്ണന് ഐഎഫ്എസ്, ഡിസിഎഫ്എം വി.ജി കണ്ണന്, ഐഎഫ്എസ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയും, ഈ കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി അന്നത്തെ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്മെന്റ്റ്) രാജേഷ് രവീന്ദ്രന് ഐഎഫ്എസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ കേസുകള്‍ പിന്‍വലിച്ചില്ല എന്നുമാത്രമല്ല വനം വകുപ്പിന്റ്റെ പരാതിയിന്മേല് സമരത്തില്‍ പങ്കെടുത്ത മണികണ്ടന്‍ചാല്‍ സ്വദേശികളായ ഷിനോ വര്‍ക്കി തൊട്ടപ്പള്ളില്‍, ഷിബു ജോര്‍ജ്ജ് പുന്നത്താനത്ത്കുന്നേല്‍, മാമലക്കണ്ടം സ്വദേശി ബെന്നി കാക്കനാട്ട് എന്നിവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്നകുറ്റം ആരോപിച്ച് എഫ്ഐആര്‍ തയ്യാറാക്കി കോതമംഗലം കോടതിയില്‍ കൊടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് കുട്ടംപുഴ പോലീസ്.
രാജപാത സമരവുമായി ബന്ധപ്പെട്ട് കോതമംഗലം മുന്‍ പിതാവ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍, ഡീന്‍ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎല്‍എ, മുന്‍ എംഎല്‍എ ആന്റണി ജോണ്‍, കുട്ടമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്റ് കാന്തി വെള്ളക്കൈയ്യന്‍ അടക്കം കണ്ടാല്‍ അറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് വനം വകുപ്പ് ഒആര്‍ കേസെടുത്തിരിക്കുന്നത്. ജനകീയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുമെന്ന തീരുമാനം നടപ്പാക്കാന്‍ യുഡിഫ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി സതീശനും, വനം വകുപ്പ് മന്ത്രി ഷിബു ബേബിജോണും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളവര്‍.



















































