കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപ്പാസിന്റെ ഭാഗമായ മലയിന്‍കീഴ് മുതല്‍ കോഴിപ്പിള്ളി വരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുന്‍ എംഎല്‍എ ആന്റണി ജോണ്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലാണ് മലയിന്‍കീഴ് മുതല്‍ കോഴിപ്പിള്ളി വരെയുള്ള റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നവീകരണത്തിനായി
1.35 കോടി രൂപ അനുവദിച്ചത്.
1200 മീറ്റര്‍ നീളമുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായി 9.5 മീറ്റര്‍ വീതിയില്‍ ബിഎം ആന്റ് ബിസി ടാറിംഗും,റോഡ് മാര്‍ക്കിംഗും,സീബ്ര ലൈന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. അവശേഷിക്കുന്ന പ്രവര്ത്തികളായിട്ടുള്ള
റോഡിന്റെ ഇരു വശങ്ങളിലുമായി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കല്‍ (ഐറിഷ് ഡ്രൈനേജിന്റെ) നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്.
തുടര്‍ച്ചയില്‍ നിലവിലുള്ള സംരക്ഷണ ഭിത്തികള്‍ എം20 കോണ്‍ക്രീറ്റ് നല്കി റോഡ് നിരപ്പിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തി, ആവശ്യമായ ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങള്‍, റോഡ് സ്റ്റഡുകള്‍, ദിശാബോര്‍ഡുകള്‍, മലയിന് കീഴ് ഭാഗത്ത് 100 മീറ്റര്‍ ദൂരത്തില്‍ ഡ്രെയിനേജ് നിര്‍മ്മാണം, റോഡിന്റെ വശങ്ങള് സംരക്ഷിക്കുന്നതിനായി ഡെലിനിയേറ്റര് പോസ്റ്റുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തികള്‍ കൂടി തുടര്‍ച്ചയില്‍ പൂര്‍ത്തീകരിക്കും.



















































