കോതമംഗലം: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുകയും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലും കപട പരിസ്ഥിതി വാദികളുടെയും ഉദ്യോഗസ്ഥ പ്രമാണികളുടെയും ഇങ്കിതത്തിന് വഴങ്ങി നിഷ്‌ക്രിയമാകുന്ന സർക്കാർ നിലപാട് അപകടകരവും പ്രധിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് കോതമംഗലം ഫൊറോന സമിതി. മലയോര മേഖലയിലെ ജനങ്ങളെ വന്യജീവികൾ കടിച്ചു കീറുകയും ചവിട്ടി അരയ്ക്കുകയും ചെയ്യുമ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ വന്യ മൃഗങ്ങളുടെ മനുഷ്യവേട്ടയ്ക്കു നേരെ കണ്ണടയ്ക്കുകയാണ്.നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാർ പരാജപ്പെട്ടു.വനാതിർത്തിയിൽ താമസിക്കുന്ന കൃഷിക്കാർ കന്നുകാലികളുടെ എണ്ണം നിയന്ത്രിക്കണം എന്ന മന്ത്രിയുടെ പ്രസ്താവന വിഡ്ഢിത്തരം ആണെന്ന് കരുതുന്നില്ല മറിച്ച് ആസൂത്രിതമായ നീക്കത്തിന്റെ ഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് പറയുന്നവർ പിന്നീട് മൃഗങ്ങളെ വളർത്തരുത് എന്ന് പറയും അതിനുശേഷം ആളുകൾ അവിടെ താമസിക്കരുത് എന്ന് പറയും ഇത് ജനം തിരിച്ചറിഞ്ഞ് പ്രതികരിക്കും. വന്യമൃഗങ്ങളെ വനാതിർത്തിയിൽ തന്നെ തടയുവാനുള്ള സംവിധാനം ഉണ്ടാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.
അടുപ്പിച്ചടുപ്പിച്ചുള്ള വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയ ജനത്തിന്റെ പ്രതിഷേധ
സമരത്തിൽ അവർ ഉയർത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും, ക്ഷമയുടെ നെല്ലിപ്പടിയിൽ എത്തി നിവർത്തിയില്ലാതെ വൈകാരികമായി പ്രതികരിച്ച ജനക്കൂട്ടത്തിന്റെ പിഴവുകൾക്ക് മേൽ അടിയന്തിര നടപടികൾ സ്വീകരിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് ജനകീയ പ്രക്ഷോഭങ്ങളെ സർക്കാർ ഭയപ്പെടുന്നതുകൊണ്ടാണെന്നു സംശയിക്കുന്നു.
പ്രതിഷേ ധിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്സാഹം വന്യമൃഗപ്രതിസന്ധി പരിഹരിക്കുന്നതിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.
രാത്രി വന്യമൃഗത്തിന്റെ ആക്രമണത്തെ ഭയപ്പെടുന്ന ഒരു ജനത പകൽ പോലീസിനെക്കൂടി ഭയപ്പെടേണ്ടി വരുന്നത് എത്രയോ പരിതാപകരമാണ്.
പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന യുവജനങ്ങളെയടക്കം നിയമക്കുരുക്കിൽ പെടുത്തുന്ന നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറാൻ തയ്യാറാകണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് കോതമംഗലം ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ജോസ് പുതിയേടം ഉദ്ഘാടനം ചെയ്തു. കത്തിഡ്രൽ വികാരി ഫാ. തോമസ് ചെറുപറമ്പിൽ രൂപത ട്രഷറർ ജോയ് പോൾ പീച്ചാട്ട്,ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ,ജിജി പുളിക്കൽ, ബേബിച്ചൻ നിധീരിക്കൽ, ജോർജ് മങ്ങാട്ട്, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് ജോർജ് കുര്യാക്കോസ്,ബിജു വെട്ടിക്കുഴ, മോൻസി ജോർജ് മങ്ങാട്ട്, പയസ് തെക്കേകുന്നേൽ, തോമസ് മലേകുടി,പയസ് ഓലിയപ്പുറം, ജോർജ് അമ്പാട്ട്, ജോൺസൺ പീച്ചാട്ട്, ബാബു വെട്ടുകാട്ടിൽ എന്നിവർ നേതൃത്വം നൽകി.