കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വെറ്റിലപ്പാറക്ക് അടുത്ത് പ്രവർത്തിക്കുന്ന ചൈതന്യ പാറമടയിൽ തലയടിച്ചു വീണു ജോലിക്കാരന് ദാരുണാന്ത്യം. വടാട്ടുപാറ സ്വദേശി കുമ്പിക്കൽ ബിജു (48) ആണ് മരണപ്പെട്ടത്. ഏകദേശം 100 അടിയോളം ഉയരമുള്ള പാറമടയിൽ മധ്യ ഭാഗത്തായി സേഫ്റ്റി ബെൽറ്റിൽ തൂങ്ങി നിന്ന് കുഴി എടുക്കുന്നതിനിടയിൽ മുകളിൽ നിന്നും കല്ലു വന്നു വീണു കാൽ തെറ്റി കഴുത്തിടിച്ചു വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സേഫ്റ്റി ബെൽറ്റിൽ തൂങ്ങിനിന്ന ബിജുവിനെ മറ്റു തൊഴിലാളികൾ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. കോതമംഗലം തഹസിൽദാർ നാസർ വില്ലേജ് ഓഫീസർ റഹീം എന്നിവർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. മരണപ്പെട്ട ബിജുവിനെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പാറമട ഉടമ ഉറപ്പുനൽകിയിട്ടുണ്ട്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
നിലവിൽ ബിജുവിന്റെ ഭാര്യ ഷൈനി അർബുദരോഗത്തിന് ചികിത്സയിലാണ്. എട്ടിലും അഞ്ചിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്.