കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി. പ്രസിഡന്റ് ജെസി സാജു, വൈസ് പ്രസിഡന്റ് ബിനോയി പുളിനാട്ട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സി.എം. ബേബി, ബിന്‍സി മോഹന്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡിഎഫ്ഒക്ക് നിര്‍ദ്ദേശം നല്‍കിയതായി ജെസി സാജു പറഞ്ഞു. ആവശ്യമായ തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കും. ബ്ലോക്കിലെ മറ്റ് പ്രദേശങ്ങളിലെ കാട്ടാനശല്യവും നിവേദനത്തില്‍ ചൂണ്ടികാണിച്ചതായി ജെസി സാജു പറഞ്ഞു.
























































