കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം സംഘം 27ന് മാമലക്കണ്ടം സന്ദർശിക്കും.
ടൂറിസം ഡെസ്റ്റിനേഷൻ സെന്ററായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനം, വിനോദസഞ്ചാരികളുടെ സൗകര്യങ്ങൾ വർധിപ്പിക്കൽ, ടൂറിസം സാധ്യതകളുടെ പ്രയോജനപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ സർക്കാർ പിന്തുണ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നിരവധി വിനോദസഞ്ചാരികൾ എത്തുന്ന മാമലക്കണ്ടത്തിന് പ്രകൃതിദത്തമായും ഭൂപ്രകൃതിപരമായും ഒട്ടേറെ പ്രത്യേകതകളുണ്ട്. നിലവിൽ സഞ്ചാരികളുടെ ശ്രദ്ധ നേടുന്ന പ്രദേശമെന്ന നിലയിലുള്ള മാമലക്കണ്ടത്തിന്റെ സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള സാധ്യതകളാണ് ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും പരിശോധിക്കുക. ഡെസ്റ്റിനേഷൻ സെന്ററായി പരിഗണിക്കുന്നതിന്റെ ഭാഗമായി മാമലക്കണ്ടത്തിന്റെ ടൂറിസം സാധ്യതകൾ, നിലവിലുള്ള സൗകര്യങ്ങൾ, ആവശ്യമായ വികസന പ്രവർത്തനങ്ങൾ എന്നിവ സംഘം വിലയിരുത്തും.
27 ന് അന്താരാഷ്ട്ര ടൂറിസം ദിനം കൂടിയായതിനാൽ മാമലക്കണ്ടത്തിലെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. അന്താരാഷ്ട്ര ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും അന്നേദിവസം മാമലക്കണ്ടത്ത് നടക്കും.
കോതമംഗലം നിയോജകമണ്ഡലത്തെ സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമായ ഇടമാക്കി മാറ്റുന്നതിനുള്ള വിവിധ പദ്ധതികളാണ് ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന് വരുന്നത്.
മാമലക്കണ്ടത്തെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഡിടിപിസി സെക്രട്ടറി ലിജോ ജോസ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, പഞ്ചായത്ത് അംഗങ്ങളായ കാന്തി വെള്ളക്കയൻ, അരുൺ ചന്ദ്രൻ, കുട്ടമ്പുഴ ആസൂത്രണസമിതി ഉപാധ്യക്ഷൻ ജോഷി പൊട്ടക്കൻ, വാർഡ് പ്രസിഡന്റ് എൽദോസ് കളരിക്കൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.





















































