കോതമംഗലം: വാനരപ്പടയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം മൂലം കുട്ടമ്പുഴ പഞ്ചായത്തിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ. കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ കുരങ്ങു ശല്യം രൂക്ഷമായി. തെങ്ങും, കൊക്കൊയും മറ്റ് കാർഷിക വിളകളും വൻതോതിലാണ് വാനരപ്പട നശിപ്പിക്കുന്നത്. കൂട്ടമായെത്തുന്ന കുരങ്ങുകൾ നാണ്യവിളകൾ നശിപ്പിച്ചിട്ടിരിക്കുന്ന ദയനീയ കാഴ്ചയാണ് കൃഷിയിടങ്ങളിൽ കാണാൻ കഴിയുന്നത്. ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത് നാളികേര കർഷകരാണ്. നാളികേരം വെള്ളയ്ക്കയായിരിക്കുമ്പോൾ തന്നെ കുരങ്ങുകൾ ഇവയുടെ വെള്ളം കുടിച്ച ശേഷം വലിച്ചെറിയുന്നു. മാത്രമല്ല മച്ചിങ്ങ പരുവത്തിലുള്ളതുപോലും നശിപ്പിക്കപ്പെടുകയാണ്. കാട്ടുപന്നി, അണ്ണാൻ എന്നിവയും കർഷകർക്ക് വലിയ നാശ നഷ്ടമാണ് വരുത്തിവക്കുന്നത്.
നാളികേരം കൂടാതെ കൊക്കൊ, പുളി, ചക്ക, മാങ്ങ, വാഴ, പപ്പായ, കപ്പ പച്ചക്കറികൾ എന്നിവയും ഇവ നശിപ്പിക്കുന്നത് പതിവാണ്. കൂട്ടമായി വന്ന കുരങ്ങുകൾ കുറ്റിയാംചാൽ സ്വദേശിയായ ഫ്രാൻസിസ് ചാലിയുടെ കൃഷിയിടത്തെ തെങ്ങിലെ പരുവമാകാത്ത തേങ്ങകൾ എല്ലാം നശിപ്പിച്ചിരിക്കുകയാണ്. വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ വനം വകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്ന് കൃഷിയുടമ ഫ്രാൻസിസ് ചാലിൽ പറഞ്ഞു.