കുട്ടമ്പുഴ: രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി മാമലകണ്ടം കൊല്ലപ്പാറ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ ആലവേലിൽ വീട്ടിൽ കുഞ്ഞ് കൊച്ച് മകൻ ജോളി എന്ന് വിളിക്കുന്ന അശോകന്റെ വീടിന് സമീപം പ്രവർത്തിച്ചിരുന്ന ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തി 200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്സൈസ് പാർട്ടിയെ കണ്ട് ഓടി രക്ഷപെട്ട ടി വാറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പ് കാരനായ അശോകന്റെ പേരിൽ കേസെടുത്തു. ഒളിവിൽ പോയിരിക്കുന്ന ടിയാനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കി.
മാമലകണ്ടം കേന്ദ്രീകരിച്ച് നടക്കുന്ന ചാരായ വാറ്റ് സംബന്ധിച്ച എക്സൈസ് ഇൻറലിജൻസ് റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ടി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരീഷണങ്ങള്‍ നടത്തി വരികയായിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരും . പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ പി രമേശ് പ്രിവന്റീവ് ഓഫീസർമാരായ പി കെ സുരേന്ദ്രൻ, സാജൻ പോൾ, എൻ. എ. മനോജ് (ഇൻറലിജൻസ് ബ്യൂറോ,എറണാകുളം) , ഡ്രൈവർ സജീഷ് പി.ബി എന്നിവരും ഉണ്ടായിരുന്നു.