കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താന്‍ യുവതികള്‍ക്ക് കരുത്ത് പകരുന്ന ‘ടെക് ഫോര്‍ ഓള്’ പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ തുടക്കമായി. യുവതികളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോഗ്നിസന്റ് ഫൗണ്ടേഷന് ഇന്ത്യയുടെ പിന്തുണയോടെ തമിഴ്നാട് ഐസിടി അക്കാദമിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐജിജിഐഎസ് ചെയര്മാന് കെ.എം പരീത് പദ്ധതി ഉദ്ഘാടനം ചെയ്തു. ഐസിടി അക്കാദമി പ്ലേസ്മെന്റ് മാനേജര്‍ സുമന് എന്‍ മുഖ്യാതിഥിയായി.
കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും വുമണ്‍ സെല്ലും ചേര്‍ന്ന് ഐക്യുഎസിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിജി കെ രാമകൃഷ്ണന്, വുമണ്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഷാരി സദാശിവന്, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ബിനീഷ് പോള്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.



















































