കോതമംഗലം: കനത്ത മഴയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തും, കുടമുണ്ട പാലവും, മണിക്കിണര്‍ പാലവും വെള്ളത്തിനടിയിലായി. കുട്ടമ്പുഴ പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് പൂയംകുട്ടി ഗ്രാമം ഒറ്റപ്പെട്ടു. ബ്ലാവനയില്‍ വെള്ളം ഉയര്‍ന്ന് ജങ്കാര്‍ സര്‍വീസ് അസാധ്യമായതോടെ നിരവധി ആദിവാസി മേഖലകള്‍ ഒറ്റപ്പെട്ടു. ഉറിയംപെട്ടി, വെള്ളാരംകുത്ത്, വാരിയം ,കുഞ്ചിപ്പാറ, തലവച്ചപാറ, തേര തുടങ്ങിയ ഉന്നതികളും, മണികണ്ഠന്‍ചാല്‍, കല്ലേലിമേട് എന്നീ മലയോര ഗ്രാമങ്ങളുമാണ് ഒറ്റപ്പെട്ടത്. കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ അങ്കണവാടിയുടെ മതില്‍ ഇടിഞ്ഞു വീണു. കോതമംഗലം താലൂക്കിലെ പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകുകയാണ്. കുട്ടമ്പുഴ, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ 50-ലധികം വീടുകളില്‍ വെള്ളംകയറി. സാധനസാമഗ്രികള്‍ വെള്ളത്തില്‍ മുങ്ങി നശിച്ചു. വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്. നിരവധി റോഡുകളില്‍ വെള്ളംകയറി ഗതാഗതവും മുടങ്ങി. കോതമംഗലം ടൗണില്‍ അരമനപ്പടയില്‍ റോഡില്‍ വെള്ളംകയറി.
കുരൂര്‍തോടും കരകവിയുന്ന നിലയിലാണ്. പരീക്കണ്ണി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതുമൂലം 20ലധികം വീടുകളില്‍ വെള്ളംകയറി. വള്ളക്കടവ്, കമ്പിമുള്ള്, തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. വീടുകളില്‍ നിന്ന് സാധന സാമഗ്രികള്‍ മാറ്റാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. സിദ്ദിഖ് നേതൃത്വം നല്‍കി. കുടമുണ്ട പാലത്തിന് സമീപത്തെ കടകളിലും വെള്ളംകയറിയിരുന്നു. കുട്ടമ്പുഴ അട്ടിക്കളത്ത് പത്തോളം വീടുകളില്‍ വെള്ളംകയറി. കുട്ടമ്പുഴയിലെ പാലത്തില്‍ തങ്ങിനിന്ന മരം ഫയര്‍ഫോഴ്‌സ് എത്തി മുറിച്ചുനീക്കി. മണ്ണിടിച്ചില്‍ ഭീഷണിനേരിടുന്ന സത്രപ്പടിയിലെ വീട്ടുകാരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി. നേര്യമംഗലത്ത് വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. പലയിടത്തും വീടിന്റെ സംരക്ഷണഭിത്തികള്‍ ഇടിഞ്ഞിട്ടുണ്ട്. തലക്കോട് പുത്തന്‍കുരിശില്‍ വനം വകുപ്പിന്റെ തടിഡിപ്പോക്ക് സമീപം വടക്കേക്കര എല്‍സിയുടെ വീട്ടിന് മുകളിലേക്ക് മരം വീണു. തലക്കോട് വെള്ളാപ്പാറ ശാന്തിഭവനില്‍ അമല്‍ രാജിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു. മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രദേശങ്ങളിലെ ജനപ്രധിനികള്‍, റവന്യൂ അധികൃതര്‍ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കനത്തമഴയില്‍ താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഡെപ്യൂട്ടി തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ മൂന്ന് ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. താലൂക്കില്‍ വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കുന്നതിന് റവന്യു അധികൃതര്‍ ക്രമീകരണം ഏര്‍പ്പെടുത്തി. കുട്ടമ്പുഴ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, സത്രപ്പടി എല്‍പി സ്‌കൂള്‍, മണികണ്ഠന്‍ചാല്‍ സിഎസ്‌ഐ പള്ളി, നേര്യമംഗലം ഗവ. ഹൈസ്‌കൂള്‍, മണിമരുതുംചാല്‍ യുപി സ്‌കൂള്‍, ചെമ്പന്‍കുഴി ഗവ. യുപി സ്‌കൂള്‍, കോതമംഗലം ടൗണ്‍ യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പിന് സജ്ജമാക്കിയിട്ടുള്ളത്


















































