പെരുമ്പാവൂര്‍: നഗരഹൃദയത്തില്‍ ഏറ്റവും തിരക്കേറിയ ഭാഗത്ത് ആലുവ-മൂന്നാര്‍ റോഡരികിലുള്ള യാത്രിനിവാസ് ബസ് ഷെല്‍ട്ടറിലെ ശുചിമുറി മാസങ്ങളായി അടഞ്ഞുകിടക്കുന്നു. ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഇടമില്ല. ശുചിമുറി പൂട്ടിയതോടെ ചിലര്‍ ശുചിമുറിയിലേക്കുള്ള വഴിയും, വ്യാപാര സമുച്ചയത്തിന് സമീപവും, മറ്റും പരിസരവും വൃത്തിഹീനമാകുന്നതിനും ദുര്‍ഗന്ധം വമിക്കുന്നതിനും കാരണമാകുന്നു.
മുന്‍പ് ദീര്‍ഘദൂര യാത്രക്കാര്‍ക്കായി വിശ്രമമുറികളും ശുചിമുറികളും ഇവിടെ ഉണ്ടായിരുന്നു. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് പൂട്ടി. വെള്ളമില്ലാത്തതായിരുന്നു അന്നത്തെ പ്രധാനപ്രശ്നം. പിന്നീട് തുറന്നെങ്കിലും ഇപ്പോള്‍ വീണ്ടും മാസങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. കരാറുകാരന് അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തതാണ് കാരണമെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം.
ഉദ്യോഗസ്ഥരും കരാറുകാരും പരസ്പരം പഴിചാരുമ്പോള്‍ ദുരിതത്തിലാകുന്നത് സാധാരണ ജനങ്ങളാണ്. യാത്രക്കാര്‍ക്കും നഗരത്തിലെത്തുന്നവര്‍ക്കും ആശ്രയമായ കംഫര്‍ട്ട് സ്റ്റേഷന് എത്രയും വേഗം തുറന്ന് ഉപയോഗക്ഷമമാക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.





















































