കോതമംഗലം: ലഹരിക്കെതിരെ വിദ്യാർഥികളെയും യുവജനങ്ങളെയും അണിനിരത്തി കോതമംഗലത്ത് നടത്തുന്ന തൂഫാൻ ക്യാമ്പയിൻ്റെ ഉദ്ഘാടനം 26ന് ഉച്ചയ്ക്ക് 11.30 ന് കോതമംഗലം എം.എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിക്കും.മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 5000 വിദ്യാർഥികൾ പങ്കെടുക്കും.
തൂഫാൻ പദ്ധതിയുടെ പ്രോട്ടോക്കോൾ അനുസരിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ തൂഫാൻ വാരിയർമാരായി അണിനിരത്തി ലഹരിവിരുദ്ധ പോരാട്ടത്തിൽ സജീവ പങ്കാളികളാക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾക്കൊപ്പം അധ്യാപകരുടെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തവും ഉറപ്പാക്കും.
പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എംഎൽഎ ഓഫീസിൽ ചേർന്ന ആലോചനാ യോഗത്തിൽ ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, മുവാറ്റുപുഴ ഡിവൈഎസ്പി എ.ജെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും , എക്സൈസ് വകുപ്പ് പ്രതിനിധികളും, കോതമംഗലത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരും യോഗത്തിൽ പങ്കെടുത്തു.























































