കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനും മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നെല്ലിക്കുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം എംഎൽഎ നിർമാണോദ്ഘാടനം നിർവഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ അധ്യക്ഷത വഹിച്ചു.
നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ഗ്രീൻവാലി, മാർ ബസേലിയോസ് ഡെന്റൽ കോളജ് വഴി തങ്കളം–മലയിൻകീഴ്–കോഴിപ്പിള്ളി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ കൊച്ചി, നെടുമ്പാശ്ശേരി ഭാഗങ്ങളിൽനിന്ന് മൂന്നാറിലേക്ക് പോകുന്ന യാത്രക്കാർക്ക് കോതമംഗലം, നെല്ലിക്കുഴി ടൗണുകളിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ബൈപ്പാസ് വഴി യാത്ര തുടരാനാകും. നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം മൂന്നാർ യാത്രക്കാർക്ക് സുഗമമായ യാത്രാമാർഗം ഒരുക്കാനും റോഡ് ഉപകരിക്കും.
കോതമംഗലം നഗരസഭയെയും നെല്ലിക്കുഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന ജില്ലാ റോഡായ ആലുമ്മാവ്–കുരൂർ റോഡിന്റെ 3.075 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്.ബി.എം., ബി.സി. നിലവാരത്തിലുള്ള ടാറിംഗ് പ്രവൃത്തികളാണ് നടത്തുന്നത്.
കലുങ്കുകൾ, ഓടകൾ, ഐറിഷ് എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി സെന്റർ ലൈൻ മാർക്കിങ്, റോഡ് സ്റ്റഡുകൾ, ദിശാബോർഡുകൾ, ഡെലിനേറ്റർ പോസ്റ്റുകൾ, ഗാർഡ് സ്റ്റോണുകൾ, ക്രാഷ് ബാരിയറുകൾ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും.
മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ.എം. ബഷീർ, ജോമി തെക്കേക്കര, നേതാക്കളായ എം.എം. അബ്ദുൽ കരീം, കെ.പി. ബാബു, എം.എസ്. എൽദോസ്, പി.എം. സക്കറിയ, എം.വി. റെജി, നാസർ വട്ടേക്കാടൻ, സുരേഷ് ആലപ്പാട്ട്, എം.എ. കരീം, സി കെ സത്യൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.






















































