കോതമംഗലം: കോതമംഗലം നഗരസഭയുടെ കുമ്പളത്തുമുറി ഡംബ്ബിംഗ് യാര്‍ഡില്‍ വര്‍ഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിന് കോതമംഗലം നഗരസഭയും കേരളാ ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി ആവിഷ്കരിച്ചിട്ടുളള ബയോമൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പഴയ മാലിന്യങ്ങള്‍ നിക്ഷേപിച്ചിട്ടുളള സ്ഥലങ്ങള്‍ ശാസ്ത്രീയമായി വീണ്ടെടുത്ത് പരിസ്ഥിതി സൗഹൃദവും പൊതുജനങ്ങള്‍ക്ക് പ്രയോജനകരവുമായ ഇടങ്ങളാക്കി മാറ്റുന്നതിനും, പ്രത്യേക യന്ത്രസാമഗ്രികളുടെ സഹായത്തോടെ പഴയ മാലിന്യങ്ങള്‍ ശാസ്ത്രീയമായി വേര്‍തിരിച്ച് സംസ്കരിക്കുന്നതുമാണ് ബയോമൈനിംഗ് പ്രക്രിയ. കുമ്പളത്തുമുറി ഡംബ്ബിംഗ് യാര്‍ഡില്‍ ഏകദേശം 33125 ഘനമീറ്റര്‍ പഴയ മാലിന്യങ്ങളാണ് ബയോമൈനിംഗ് പ്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്. പദ്ധതിയുടെ നിര്‍വഹണ കരാര്‍ എസ്എംഎസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഏറ്റെടുത്തിട്ടുളളത്.
വീണ്ടെടുക്കാന്‍ കഴിയുന്ന പുനരുപയോഗ വസ്തുക്കള്‍ റീസൈക്ലിംഗിനായി കൈമാറുകയും മറ്റ് മാലിന്യ ഘടകങ്ങള്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്കരിക്കുകയും ചെയ്യും. 35 വര്‍ഷങ്ങളായി കുമ്പളത്തുമുറിയിലെ ഡംബ്ബിംഗ് യാര്‍ഡില്‍ കുമിഞ്ഞു കൂടി കിടക്കുന്ന മാലിന്യ കൂമ്പാരം ഒഴിവാക്കുന്നത് വഴി പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തിന് ശാശ്വത പരിഹാരം കാണാനുമാകും. മാലിന്യനീക്കം പൂര്‍ത്തിയാകുന്നതോടെ പരിസര മലിനീകരണം ഒഴിവാക്കുന്നതിനും, വീണ്ടെടുക്കുന്ന ഭൂമി ഭാവിയില്‍ നഗരസഭയുടെ വിവിധ പൊതുപ്രയോജന പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നതിനും സാധിക്കും.
കോതമംഗലം നഗരത്തിന്റെ ശുചിത്വ-മാലിന്യ സംസ്കരണ മേഖലയില്‍ നിര്‍ണായകമായ ചുവടുവയ്പായ പദ്ധതിയുടെ ഉദ്ഘാടനം ബയോമൈനിംഗ് മെഷീന് സ്വിച്ച് ഓണ്‍ ചെയ്ത് നഗരസഭ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജു നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പ്രിന്‍സ് വര്‍ക്കി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സിന്ധു ജിജോ , അനൂപ് ജോര്‍ജ്, ജോര്‍ജ് അമ്പാട്ട്, കൌണ്‍സിലര്‍മാരായ എല്‍ദോസ് കീച്ചേരി, സി.പി.എസ് ബാലന്, സലീം ചെറിയാന്,സീത വിജയന്, കേരളാ ഖരമാലിന്യ പരിപാലന പദ്ധതി ഡെപ്യൂട്ടി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.എം സ്വാലിഹ എന്നിവര്‍ പങ്കെടുത്തു.




















































