കോതമംഗലം: മേഖലയിലെ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായുള്ള ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുരുന്തില്‍ കോതമംഗലം സന്ദര്‍ശിച്ചു. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ അഫിലിയേറ്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ധാരണയായി. ഇതിന്റെ ഭാഗമായി മേഖലയിലെ ഐടി കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ലഭ്യമായ മനുഷ്യവിഭവശേഷി എന്നിവ സംബന്ധിച്ച് വിവരശേഖരണവും വിശദമായ പഠനവും നടത്തും. പ്രാദേശികമായി ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ ഐടി കോ-വര്‍ക്കിംഗ് സ്‌പേസുകളും ചെറുകിട ഐടി പാര്‍ക്കുകളും വികസിപ്പിക്കുന്നതു സംബന്ധിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു. കോതമംഗലത്തെ എന്‍ജിനീയറിംഗ് കോളേജുകളില്‍ ഇന്നൊവേഷന്‍, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും വിലയിരുത്തി.
കോതമംഗലത്ത് വിപുലമായ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എംഎല്‍എ യോഗത്തില്‍ വ്യക്തമാക്കി. ഇതിന്റെ പ്രാഥമിക നടപടികളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കോതമംഗലത്തെ സ്റ്റാര്‍ട്ടപ്പ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. ഐടി അടിസ്ഥാന സൗകര്യ വികസനത്തില്‍ കോതമംഗലത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിവിധ സാധ്യതകള്‍ ഇന്‍ഫോപാര്‍ക്ക് സിഇഒ യോഗത്തില്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് മികവും വിദ്യാര്‍ഥികളുടെ നൈപുണ്യവും പ്രാദേശികമായി ലഭ്യമായ മനുഷ്യവിഭവശേഷിയും ഐടി മേഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയായി.
കോതമംഗലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളായ ബേബി എം. വര്‍ഗീസ് (എല്‍ദോ മാര്‍ ബസേലിയോസ് ), പ്രിന്‍സിപ്പല്‍മാരായ ബോസ്സ് മാത്യു (എം.എ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് ), തോമസ് ജോര്‍ജ് (എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ് ), സജ്‌ന കെ. (ചേലാട് പോളിടെക്‌നിക്), സോളമന്‍ പീറ്റര്‍(മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് ) കൂടാതെ വിവിധ കോളേജുകളിലെ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.






















































