കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ
ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും വിവിധ പദ്ധതികളുടെ പ്രഖ്യാപനവും 14 ന് വൈകുന്നേരം 5 ന് കോളേജ് ക്യാമ്പസിൽ നടക്കും. യാക്കോബായസഭ പരമാധ്യക്ഷൻ പരിശുദ്ധ പാത്രിയർക്കീസ് മാർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും.
രജതജൂബിലിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച സിൽവർ ജൂബിലി ഹോസ്റ്റൽ ബ്ലോക്കിന്റെ ഉദ്ഘാടനവും പരിശുദ്ധ പാത്രിയർക്കീസ് ബാവ നിർവഹിക്കും. കൂടാതെ, ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് പ്രഖ്യാപിക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ബാവ നിർവ്വഹിക്കും. വിദ്യാഭ്യാസ രംഗത്തെ മികവിനൊപ്പം സമൂഹത്തിലെ നിർധനരും അശരണരുമായ ജനങ്ങൾക്ക് കൂടുതൽ സഹായവും കരുതലും നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ജീവകാരുണ്യ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
രജതജൂബിലി വർഷം വിദ്യാഭ്യാസ, ചികിത്സാ, ഗവേഷണ, സാമൂഹിക സേവന മേഖലകളിൽ കൂടുതൽ നൂതന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള അവസരമായാണ് കോളേജ് കാണുന്നത്. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ അക്കാദമിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ, വൈസ് പ്രസിഡന്റ്പി. പി വിൻസെന്റ് ., ട്രഷറർ എം. എം സണ്ണി ., കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഡോ. കെംതോസ് പോൾ, വൈസ് പ്രിൻസിപ്പൽ ഡോ. ജയൻ ജേക്കബ് മാത്യു എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.



















































