കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്. കൊച്ചിന് ഷിപ്പ്യാര്ഡില് നടന്ന ചടങ്ങില്‍ ഷിപ്പ്യാര്ഡിനെ നെ പ്രതിനിധീകരിച്ച് ബിസിനസ് ഡെവലപ്മെന്റ് ആന്‍ഡ് ഡിസൈന്‍ വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ ദീപു സുരേന്ദ്രനും എം.എ.എന്‍ജിനീയറിംഗ് കോളേജിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
കോളേജിലെ അധ്യാപകരുടെയും ഗവേഷകരുടെയും സാങ്കേതിക വൈദഗ്ധ്യവും ഗവേഷണശേഷിയും പ്രയോജനപ്പെടുത്തി ചെലവ് കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തുക, പ്രവര്‍ത്തനക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ഉല്‍പ്പാദന-പ്രവര്‍ത്തന പ്രക്രിയകള്‍ മെച്ചപ്പെടുത്തുക, സ്ഥാപനത്തിന്റെ സാങ്കേതിക വൈദഗ്ധ്യം കൂടുതല്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായമേഖലയുമായി ബന്ധപ്പെട്ട ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും പങ്കാളികളാകാനും ഇതിലൂടെ അവസരമൊരുങ്ങും.
കൊച്ചിന് ഷിപ്പ്യാര്ഡിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്)എസ്. ഹരികൃഷ്ണന് , ഡയറക്ടര്‍ (ടെക്നിക്കല്‍) രാജേഷ് ഗോപാലകൃഷ്ണന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ടെക്നിക്കല്‍) എല്‍ദോ ജോണ്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ്പ് ബില്‍ഡിംഗ്)വി.പി. ഷിറാസ് എന്നിവര്‍ പങ്കെടുത്തു. കോളേജിനെ പ്രതിനിധീകരിച്ച് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. സിനി പോള്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി ഡോ. അജി ജോയ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫ. ഡോ. സാബു കുര്യന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.




















































