കോതമംഗലം: കേരളപ്പിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന ആശയത്തിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കമായി. സ്കൂൾ–കോളേജ് വിദ്യാർഥികൾക്കായി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.
കേരളത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും കോതമംഗലത്തിന്റെ പ്രാദേശിക സവിശേഷതകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വിദ്യാർഥികളിലെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എംഎൽഎയുടെ നേതൃത്വത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്.
യു.പി. വിഭാഗത്തിൽ കൈയക്ഷര മത്സരം, ഹൈസ്കൂൾ വിഭാഗത്തിൽ കഥാരചന, വാട്ടർ കളറിംഗ്, ഹയർ സെക്കൻഡറി വിഭാഗത്തിൽ കേരളപ്പിറവി പ്രശ്നോത്തരി, കവിതാരചന, കോളേജ് വിഭാഗത്തിൽ ഉപന്യാസരചന എന്നീ ഇനങ്ങളിലായിരുന്നു മത്സരം. വിവിധ സ്കൂളുകളിൽനിന്നും കോളേജുകളിൽനിന്നുമുള്ള
ഇരുന്നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. വിജയികൾക്കുള്ള സമ്മാനങ്ങൾ ഒന്നിന് കോതമംഗലത്ത് നടക്കുന്ന കേരളപ്പിറവി സപ്തതി ആഘോഷച്ചടങ്ങിൽ വിതരണം ചെയ്യും.
കോതമംഗലം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, പ്രൊഫ. കെ.എം. കുര്യാക്കോസ്, ഡോ. ജേക്കബ് ഇട്ടൂപ്പ്, ബേസിൽ എബ്രഹാം, എം. എസ് എൽദോസ്, കെ.പി. കുര്യാക്കോസ്, റോയ് പീച്ചാട്ട്, സായ് പൂത്തോട്ട, ബാബു ഇരുമല, എം.ഡി. ശശി, ബിന്ദു വർഗീസ്, ജിബി ചെറിയാൻ, ബിജി ഷിബു, സി.കെ. സത്യൻ, പി.എ. പാദുഷ തുടങ്ങിയവർ പങ്കെടുത്തു.



















































