കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്മെന്റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില് പതിനഞ്ചാം വാര്ഡ് മെമ്പര് പി.വി.മോഹനന് ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില് പ്രമേയം കൊണ്ടുവന്നത്. മൂന്ന് വര്ഷം മുമ്പ് തയ്യാറാക്കിയ അലൈന്മെന്റ് പ്രകാരം ഈ പഞ്ചായത്തിലെ 1,2,15 എന്നീ വാര്ഡുകളിലൂടെയാണ് നിര്മ്മിക്കേണ്ടിയിരുന്നത്.
ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിര്ത്തി കല്ലുകള് സ്ഥാപിക്കുകയും ഉടമകളും അധികാരികളുമായുള്ള നടപടികള് പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് അലൈന്മെന്റ് ഉപേഷിച്ചതായും മറ്റൊരു അലൈന്മെന്റ് കണ്ടെത്തിയതായും പ്രഖ്യാപനമുണ്ടായത്. മുൻ അലൈന്മെന്റ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളുടെ വികസനത്തിന് വഴിയൊരുക്കുമായിരുന്നു. പുതിയ അലൈന്മെന്റ് പ്രകാരം ബൈപ്പാസിന്റെ നിര്മ്മാണം ചെലവേറിയതാകുമെന്ന് പ്രമേയത്തിലൂടെ പി.വി.മോഹനന് ചൂണ്ടികാട്ടി. നേരത്തെ ഏറ്റെടുക്കാന് തീരുമാനിച്ചിരുന്ന സ്ഥലത്തിന്റെ ഉടമകളുടെ ബുദ്ധിമുട്ടും വിശദീകരിച്ചു. പഞ്ചായത്തിലൂടെ കടന്നുപോകുന്നവിധത്തിലുള്ള അലൈന്മെന്റ് പ്രകാരംതന്നെ ബൈപ്പാസ് നിര്മ്മിക്കണമെന്ന പ്രമേയം ഭരണസമിതി യോഗം ഐകകണ്ഠമായാണ് പാസാക്കിയത്.



















































