കോതമംഗലം: തുടര്‍ച്ചയായി ആറാം വര്‍ഷവും നെല്‍കൃഷിയുമായി മാതൃകയാകുകയാണ് വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് പേരടങ്ങുന്ന കര്‍ഷക കൂട്ടായ്മ. കോതമംഗലത്ത് മൂന്ന് ഏക്കര്‍ പാടത്ത് ഞാറ് നട്ടാണ് ‘കതിര്‍ കര്‍ഷക കൂട്ടായ്മ’ വീണ്ടും കാര്‍ഷിക രംഗത്ത് സജീവമായത്.പിണ്ടിമന പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കനാലിന് സമീപമുള്ള വിന്‍സന്റ് ചെറായിയുടെ പാടത്താണ് ഇത്തവണയും കൂട്ടായ്മയുടെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കിയത്. പിണ്ടിമന പാടശേഖര സമിതി പ്രസിഡന്റ് എല്‍ദോസ് സ്‌കറിയ, സെക്രട്ടറി ബെന്നി പുതുക്കയില്‍, അംഗങ്ങളായ ജോര്‍ജ് എം.എസ്, ഏലിയാസ് കെ.വി. എന്നിവരാണ് കതിര്‍ കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങള്‍.
തരിശായി കിടക്കുന്ന പാടങ്ങള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യുന്ന രീതിക്ക് ആറുവര്‍ഷം മുമ്പാണ് ഇവര്‍ തുടക്കമിട്ടത്.പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് കെ.പിയുടെ അധ്യക്ഷതയില്‍ നടന്ന ഞാറുനടീല്‍ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിര്‍വഹിച്ചു.നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ടറിയുന്നതിനായി പിണ്ടിമന ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പാടത്തെത്തി. ഞാറുനടീല്‍ നേരിട്ട് കാണുന്നത് ആദ്യമായാണെന്നും അതിന് അവസരം ഒരുക്കിയതിന് നന്ദിയുണ്ടെന്നും വിദ്യാര്‍ത്ഥിനിയായ അനുശ്രീ അനൂപ് പറഞ്ഞു.
അന്യം നിന്നുകൊണ്ടിരിക്കുന്ന നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുകയും തരിശുനിലങ്ങള്‍ കൃഷിയിടങ്ങളാക്കി മാറ്റുകയുമാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് പിണ്ടിമന പാടശേഖര സമിതി പ്രസിഡന്റ് എല്‍ദോസ് സ്‌കറിയ പറഞ്ഞു.


















































