കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകന്‍ കുട്ടായിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയെ കുട്ടായി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തതാണ്. എന്നാല്‍ മകനെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്.
രാത്രികാലങ്ങളില്‍ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൊന്നമ്മ അയല്‍വീടുകളില്‍ അഭയം തേടാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മകനെതിരെ പരാതി നല്‍കാന്‍ അമ്മ തയ്യാറാകാത്തതിനാല്‍ പോലീസ് നിലവില്‍ കേസെടുത്തിട്ടില്ല. പരാതിയില്ലാതെ കേസ് എടുത്താല്‍ പിന്നീട് കോടതിയില്‍ തള്ളിപ്പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പോലീസ് നടപടിയെടുക്കാത്തത്.
എന്നാല്‍, ദൃശ്യങ്ങള്‍ തെളിവായി പുറത്തുവന്ന സാഹചര്യത്തില്‍ നിയമനടപടികളുടെ സാധ്യതകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ നാട്ടുകാരും പോലീസും ഇടപെട്ട് പൊന്നമ്മയെ പ്രദേശത്തെ സ്‌നേഹഭവനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.


















































