കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പിഎച്ച്ഡി , പിജി, യുജി, ബാച്ചുകളുടെ ഗ്രാഡ്യുവേഷൻ സെറിമണി (ലോറിയ 2026) സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ ആയിരത്തി യിരുന്നുറിൽ പരം പേരാണ് ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലെ ബിരുദസമർപ്പണച്ചടങ്ങിൽ സമ്മേളിച്ചത്.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂദ്, കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം എന്നിവർ അതിഥികളായിരുന്നു.
അറിവിൻ്റെ ശക്തി തിരിച്ചറിഞ്ഞ് സമൂഹത്തിൽ നന്മയ്ക്കായി പരിശ്രമിക്കാൻ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ആഹ്വാനം ചെയ്തു. അറിവ് സമഗ്രജീവിതവീക്ഷണത്തോടെ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യ പ്രഭാഷണത്തിൽ ഡോ. ഡി. മാവൂദ് ഉൽബോധിപ്പിച്ചു.
മികച്ച വിദ്യാർത്ഥിക്കുള്ള പ്രഥമ എം. പി. വർഗ്ഗീസ് പുരസ്‌കാരം , ബി.കോം. മോഡൽ 3 – ടാക്സേഷൻ വിദ്യാർത്ഥിയായ ആദിശങ്കർ എസ്. പുതിയമഠത്തിന് നൽകി. ഉയർന്ന മാർക്കു നേടിയ വിദ്യാർത്ഥികളെയും നെറ്റ്/ജെആർഎഫ് നേടിയ വിദ്യാർത്ഥികളെയും ബിരുദ സമർപ്പണച്ചടങ്ങിൽ ആദരിച്ചു.വിദ്യാർത്ഥികൾക്ക് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. അജി അബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്മിനിസ്ട്രേറ്റീവ് ഡീൻ ഡോ. സ്മിത തങ്കച്ചൻ, റിസർച്ച് ഡീൻ ഡോ. രാജേഷ് കെ. തുമ്പകര എന്നിവർ ബിരുദദാനയോഗത്തിൽ സംബന്ധിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ്, സ്റ്റുഡന്റ്‌സ് ഡീൻ ഡോ. ആശാ മത്തായി, പ്രഥമ എം. പി. വർഗീസ് വിദ്യാർത്ഥി പുരസ്‌കാരജേതാവ് ആദിശങ്ക ർ എസ്. പുതിയമഠം എന്നിവർ യോഗത്തിൽ സംസാരിച്ചു.


















































