കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ തങ്കളം കാക്കനാട് നാലുവരി പാതയുടെ നിര്‍മ്മാണത്തിലെ കാലതാമസം നിയമസഭയില്‍ ഉന്നയിച്ച് ഷിബു തെക്കുംപുറം എം.എല്‍.എ. പഴയ അലൈന്മെന്റ് നിലനിര്‍ത്തി ഭൂമിയേറ്റെടുപ്പ് വേഗത്തിലാക്കി പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. 2016-ല്‍ കിഫ്ബി വഴി 30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി പത്ത് വര്‍ഷം പിന്നിട്ടിട്ടും ഡി.പി.ആര് പോലും തയ്യാറായിട്ടില്ലെന്നും, ഇതിനിടെ അലൈന്മെന്റും ഡിസൈനും മാറ്റുന്നതിന്റെ പേരില്‍ പദ്ധതി നീണ്ടുപോയതായും എം.എല്‍.എ ചൂണ്ടിക്കാട്ടി.
പദ്ധതി വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയ സാഹചര്യമാണ് മുഖ്യമന്ത്രി മറുപടിയായി സഭയെ അറിയിച്ചത്. കിഫ്ബി പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാതക്ക് ഡിപിആര്‍ പോലും എടുത്തിട്ടില്ലെന്നത് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2016ല്‍ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ എസ്റ്റിമേറ്റ് പിന്നീട് 255 കോടി രൂപയായി ഉയര്‍ന്നതിനെ തുടര്‍ന്ന് പുനഃപരിശോധന ആവശ്യമായി വന്നു. ഇതിനിടെ അലൈന്മെന്റ് മാറ്റുന്നതിനുള്ള നിര്‍ദേശവും പുതിയ ഡിസൈന്‍ തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചെങ്കിലും അത് പ്രായോഗികമല്ലെന്ന് കിഫ്ബി വിലയിരുത്തിയതോടെ വീണ്ടും മാറ്റങ്ങള്‍ പരിഗണിക്കേണ്ട സാഹചര്യമുണ്ടായതായി മുഖ്യമന്ത്രി വ്യക്തമാക്കി. പത്ത് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയുടെ ഡി.പി.ആര് തയ്യാറാകാത്തത് ഗൗരവത്തോടെ പരിശോധിക്കുമെന്നും, കാലതാമസത്തിനുള്ള കാരണങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.



















































