പെരുമ്പാവൂര്‍: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീം പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ 18 കോടിയോളം രൂപ വിലവരുമെന്ന് കണക്കാക്കുന്നു. ഇവരിലേക്ക് കഞ്ചാവ് എത്തിച്ച ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ആലുവ – പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡില്‍ മാറമ്പിള്ളിക്ക് സമീപം കുന്നുവഴില് വച്ച് പോലീസിന്റെ വലയില്‍ ആയുഷ് കുടുങ്ങിയത്. ഇയാളുടെ പക്കല്‍നിന്ന് 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നുവഴിയിലെ ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 16 കിലോ ഹൈബ്രിഡ് കഞ്ചാവുകൂടി കണ്ടെത്തുകയായിരുന്നു. ഇവിടെ വച്ചാണ് ഇയാളുടെ ഭാര്യ അനികയെ അറസ്റ്റ് ചെയ്തത്.
ജൂണ്‍ 12നാണ് ഇരുവരും ഫ്ളാറ്റില്‍ താമസം തുടങ്ങിയത്. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയവരെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് എറണാകുളം റൂറലില്‍ നടന്നതെന്നും അതിമാരകമായ ലഹരിമരുന്നാണ് പിടികൂടിയതെന്നും പോലീസ് പറഞ്ഞു. എറണാകുളം റെയിഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്രയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം, എഎസ്പി ഹാര്‍ദിക് മീണ, പെരുമ്പാവൂര്‍ ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാര്‍, എസ്ഐമാരായ അസരിഫ് ഷെഫീഖ്, വിഷ്ണു മുരളി, ജോജോ ജോര്‍ജ്, സുഭാഷ് തങ്കപ്പന്, അബ്ദുല്‍ ജലീല്‍ എഎസ്ഐ റെനി സീനിയര്‍ സിപിഒമാരായ എം.ബി. ജയന്തി, നിഷാദ്, സിപിഒ ഷാന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
























































