കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6 ഓട്ടുരുളികളുമാണ് മോഷ്ടിച്ചത്. എന്നാല്‍ ഓഫീസ് മുറിയില്‍ ഉണ്ടായിരുന്ന ചെറിയ വിളക്കുകളും ഓട്ടുപാത്രങ്ങളും നഷ്ടപ്പെട്ടിട്ടില്ല.
ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരത്തിന്റെ പൂട്ടും കുത്തിപ്പൊളിച്ചിട്ടുണ്ട്. ഭണ്ഡാരത്തില്‍നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഞായറാഴ്ച മാത്രമാണ് ക്ഷേത്രത്തില്‍ പൂജ ഉള്ളത്. രാവിലെ ക്ഷേത്രം പൂജാരിയും കമ്മിറ്റിക്കാരും എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
















































