കോതമംഗലം : കോതമംഗലത്ത് ‘പറക്കുംതളിക’മോഡൽ കല്യാണ ഓട്ടം വിവാദമാകുന്നു. കോതമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് ദിലീപ് ഹിറ്റ് ചിത്രമായ ‘പറക്കും തളിക’യിലെ ‘താമരാക്ഷൻ പിള്ള’ ബസിനെ അനുസ്മരിപ്പിക്കും വിധം ‘അലങ്കരിച്ച്’ ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് ‘അലങ്കരിച്ചിരുന്നത്’. മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു. കെഎസ്ആർടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയത്. കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സർവീസ് നടത്തിയത്.
കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ട് ദിവസം മുമ്പാണ് രമേശ് എന്നയാളെത്തി കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകൾ വച്ചുകെട്ടുകയായിരുന്നു. ബ്രസീൽ, അർജന്റീന പതാകകളും ബസിന് മുന്നിൽ കെട്ടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നെല്ലിക്കുഴി സ്വദേശി അലി പടിഞ്ഞാറേച്ചാലിൽ എന്ന പൊതുപ്രവർത്തകനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. നിസ്സാര കാര്യങ്ങൾക്ക് വരെ നിയമം നോക്കുന്ന അധികാരികൾ കെഎസ്ആർടിസി ബസിനെതിരെ നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമ്പോഴാണ് സർക്കാരിൻറെ ഇത്തരത്തിലുള്ള ഒരു വാഹനം എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഓടുന്നത്.
📍കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ ജോയിൻ ചെയ്യുക..👇