കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയായ നെല്ലിക്കുഴിയില്‍ പ്രതിസന്ധിയായി ഗതാഗതക്കുരുക്ക്. ആലുവ മൂന്നാര്‍ റോഡില്‍ കനാല്‍പ്പാലം മുതല്‍ നെല്ലിക്കുഴി ജംഗ്ഷന്‍ വരെയുള്ള ഭാഗം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിത്യേന ധാരാളം വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചെറുവട്ടൂര്‍, തൃക്കാരിയൂര്‍ റോഡുകളും ചേരുന്ന ജംഗ്ഷനില്‍ നിന്നുള്ള വാഹനങ്ങള്‍കൂടി എത്തുന്നതോടെ കുരുക്ക് നീളും.
സിഗ്‌നല്‍ ലൈറ്റില്ലാത്ത നാല്‍ക്കവലയില്‍ നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് കുരുക്കിന് പ്രധാനകാരണം. അനധികൃത പാര്‍ക്കിംഗും പ്രശ്നം രൂക്ഷമാക്കുന്നു. ആലുവ-മൂന്നാര്‍ പാതയില്‍ യാത്രചെയ്യുന്നവര്‍ നെല്ലിക്കുഴി പഞ്ചായത്തിന് പുറകിലെ റോഡ് ബൈപാസായി ഉപയോഗിച്ചാല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകും. തകര്‍ന്നുകിടക്കുന്ന റോഡ് നിലവില്‍ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്. ഗതാഗതക്കുരുക്ക് വ്യാപാരമേഖലയ്ക്ക് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യത്തില്‍ ഇവിടെ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണിറ്റ് ആവശ്യപ്പെട്ടു.



















































