കുട്ടമ്പുഴ: കാടിന്റെ മക്കൾക്ക് കൗതുക കാഴ്ച്ചയൊരുക്കി കോമഡി താരം സ്വന്തം കാറുമായി കാടകത്തെത്തി. ഊരിലെത്തിയ കാറു കണ്ട ആദിവാസികളുടെയും, നാട്ടുകാരുടേയും കണ്ണിൽ വിസ്മയം. മിമിക്രി ആർട്ടിസ്റ്റും, ഫ്ലവേഴ്സ് കോമഡി ഉൽസവം ഫ്രെയ്മുമായ അരുൺ ഗിന്നസാണ് മറ്റാരും കാണിക്കാത്ത ധൈര്യം പ്രകടിപ്പിച്ച് സ്വന്തം വാഹനം കാടകത്തെത്തിച്ചത്. ഫോർ വീൽ വാഹനങ്ങൾ മാത്രം എത്തിയിരുന്ന സ്ഥലത്തേക്കാണ് മിസ്തുബുഷി ലാൻസർ കാർ എത്തിയത്. അതി ദുർഘടമായ കയറ്റിറക്കങ്ങളും, പാറക്കൂട്ടങ്ങളും പിന്നിട്ട് തീർത്തും അപകടകരമായ കാട്ടുപാതയിലൂടെ കാറോടിച്ച് കുടിയിലെത്തിയ അരുണിനെ നാട്ടുകാർ അഭിനന്ദനം കൊണ്ട് വീർപ്പുമുട്ടിച്ചു.
സുഹൃത്തുക്കളുടെ സഹായത്തോടെ ബ്ലാവന കടത്ത് കടത്തിയാണ് കാർ കല്ലേലി മേട്ടിലെത്തിച്ചത്. കാട്ടാനകൾ വിലസുന്ന കാട്ടിലൂടെ ഒറ്റയ്ക്ക് വാഹനം ഓടിയ്ക്കാൻ കാണിച്ച സാഹസികത വർഷങ്ങളായി മനസിൽ സൂക്ഷിക്കുന്ന ആഗ്രഹമായിരുന്നു എന്ന് ടെലിവിഷൻ ചാനലുകളിൽ ചിരിയൊരുക്കുന്ന അരുൺ പറഞ്ഞു.