കുട്ടമ്പുഴ : പന്തപ്ര -മാമലക്കണ്ടം റോഡിൽ വാഹനയാത്രക്കാർക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; വാഹന യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കുട്ടമ്പുഴയിൽ നിന്ന് ഉരുളൻതണ്ണി – പന്തപ്രവഴി മാമലക്കണ്ടത്തിന് പോകുന്ന കാനനപാതയിലാണ് കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം ഉണ്ടായത്. പത്തോളം വരുന്ന ആനക്കൂട്ടത്തിൽ നിന്നാണ് ആക്രമണ ശ്രമം ഉണ്ടായത്. മാമലക്കണ്ടത്തേക്ക് പോകുകയായിരുന്ന കാറിനും ബൈക്കിനും നേരെയാണ് ആനകൾ ആദ്യം പാഞ്ഞടുത്തത്. അവർ വാഹനവുമായി കഷ്ച്ചാണ് രക്ഷപെട്ടത്. മാമലക്കണ്ടത്തു നിന്നു യാത്രക്കാരുമായി വന്ന ജീപ്പ് ആനയുടെ മുന്നിൽ പെട്ടെങ്കിലും ഒച്ചവച്ച് ആനകളെ അകറ്റി രക്ഷപെടുകയായിരുന്നു.
മാമലകണ്ടം സ്വദേശികളായ വാഹനയാത്രക്കാർക്കുനേരേയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത് . ജീപ്പിലും കാറിലും ഓട്ടോറിക്ഷയിലും ബൈക്കിലുമായി പോയ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പന്തപ്ര കഴിഞ്ഞ് നിരന്നപാറ ഭാഗത്താണ് വാഹനങ്ങൾ ആനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ടത്. റോഡിന്റെ ഇരുവശവും കാടാണ്. ഒരുവശത്ത് നിൽക്കുകയായിരുന്ന പത്തോളം വരുന്ന ആനകളിൽ അഞ്ചെണ്ണമാണ് വാഹനങ്ങൾക്കുനേരേ തിരിഞ്ഞത്. ഈ ഭാഗത്ത് ഏതാനും ദിവസമായി ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.