കുട്ടമ്പുഴ: അറിവിന്റെ ലോകത്തേക്ക് പന്തപ്ര ഉന്നതിയിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് ഷിബു തെക്കുംപുറം എംഎൽഎ. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്.
സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കുട്ടികളുടെ പഠനസ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുമുള്ള സന്ദേശം പകരുന്നതായിരുന്നു ചടങ്ങ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതിനൊപ്പം മികച്ച വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിൽ മുന്നേറാനുള്ള പ്രതീക്ഷയും ആത്മവിശ്വാസവും കുട്ടികളിൽ വളർത്തുക കൂടിയായാണ് ലക്ഷ്യം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എല്ലാ കുട്ടികളെയും കൈപിടിച്ചുയർത്തുന്നതിനും അവരുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്തുണയേകുന്നതിനും ഇത്തരം ഇടപെടലുകൾ ഏറെ പ്രാധാന്യമർഹിക്കുന്നതായി എംഎൽഎ പറഞ്ഞു.
കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ സംഘടിപ്പിച്ച എഴുത്തിനിരുത്തൽ ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കാന്തി വെള്ളക്കയ്യൻ, ലിസ്സി സൈമൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു എബ്രഹാം, പ്രൊഫ. കെ എം കുര്യാക്കോസ്, കുട്ടമ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജോഷി പൊട്ടക്കൻ, ഊര് മൂപ്പൻ കുട്ടൻ ഗോപാലൻ, കാണിക്കാരൻ കണ്ണൻ, അംഗൻവാടി ജീവനക്കാർ, ട്രൈബൽ പ്രമോട്ടേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.



















































