കോതമംഗലം: കേരളം രൂപീകൃതമായതിന്റെ 70-ാം വാർഷികമായ കേരളപ്പിറവി ദിനം കോതമംഗലത്തിന്റെ തനിമയും പൈതൃകവും കലാ–സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ‘എന്റെ കോതമംഗലം, എന്റെ അഭിമാനം’ എന്ന ആശയത്തെ മുൻനിർത്തി കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. നാടിന്റെ സാംസ്കാരിക പൈതൃകവും പ്രാദേശിക കലാരൂപങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം കോതമംഗലത്തിന്റെ തനിമ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം.
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പ്രധാന ആഘോഷപരിപാടികൾ. ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ രവീന്ദ്രൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ജോയ് മാത്യു മുഖ്യാതിഥിയാകും. വിവിധ സാമൂഹ്യ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നേതാക്കളും നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെയും പങ്കെടുക്കും. കോതമംഗലം നഗരസഭയുടെയും സഹകരണത്തോടെ തനത് കലാരൂപങ്ങളുടെ അവതരണം, കലാപരിപാടികൾ, വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം, എംഎൽഎയുടെ ഓപ്പൺ ലൈബ്രറിയിലേക്കുള്ള പുസ്തകസമർപ്പണം തുടങ്ങിയവയും നടക്കും.
വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ സ്കൂൾ–കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ. യു.പി. വിഭാഗത്തിൽ കൈയക്ഷര മത്സരം, ഹൈസ്കൂൾ വിഭാഗത്തിൽ കഥാരചനയും വാട്ടർ കളറിങ്ങും, ഹയർ സെക്കൻഡറി വിഭാഗത്തിൽ കേരളപ്പിറവി പ്രശ്നോത്തരിയും കവിതാരചനയും, കോളേജ് വിഭാഗത്തിൽ ഉപന്യാസരചനയുമാണ് നടത്തുന്നത്.
ഒരു വിദ്യാർഥിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാനാകൂ. ഒരു സ്ഥാപനത്തിൽനിന്ന് ഒരു ഇനത്തിൽ പരമാവധി മൂന്ന് വിദ്യാർഥികൾക്ക് പങ്കെടുക്കാം. മത്സരവിഷയങ്ങൾ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് നൽകും. മത്സരാർഥികൾ ഉച്ചയ്ക്ക് ഒന്നിന് സ്കൂളിൽ എത്തണം. സ്ഥാപനമേധാവിയുടെ സമ്മതപത്രവും തിരിച്ചറിയൽ കാർഡും കരുതണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകും.
ഓപ്പൺ ലൈബ്രറിയിലേക്ക് ആയിരത്തിലധികം പുസ്തകങ്ങൾ
വായനയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുകയും അറിവിന്റെ ലോകത്തേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എംഎൽഎയുടെ ഓപ്പൺ ലൈബ്രറിയിലേക്ക് പൊതുജനങ്ങൾ സമാഹരിക്കുന്ന ആയിരത്തിലധികം പുസ്തകങ്ങൾ കേരളപ്പിറവി ദിനത്തിൽ സമർപ്പിക്കും. പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താൽപര്യമുള്ളവർ സ്വന്തം പേര് രേഖപ്പെടുത്തിയ പുസ്തകങ്ങൾ ഒക്ടോബർ 30-നകം എംഎൽഎ ഓഫീസിൽ എത്തിക്കണം. സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തിലൂടെ വായനയും അറിവും പങ്കുവയ്ക്കുന്ന ഒരു സംരംഭമായി ഓപ്പൺ ലൈബ്രറിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
വിപുലമായ സംഘാടകസമിതി
കേരളപ്പിറവി ആഘോഷങ്ങൾ വിജയകരമായി സംഘടിപ്പിക്കുന്നതിനായി ഷിബു തെക്കുംപുറം എംഎൽഎ ചെയർമാനും പ്രൊഫ. ബേബി എം. വർഗീസ് രക്ഷാധികാരിയും പ്രൊഫ. കെ.എം. കുര്യാക്കോസ് ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. ഡോ. ജേക്കബ് ഇട്ടൂപ്പ്, എൻജിനീയർ ബേസിൽ എബ്രഹാം, ബിന്ദു വർഗീസ് എന്നിവർ കോർ കമ്മിറ്റി അംഗങ്ങളാണ്.
വിദ്യാർഥികളുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് പ്രൊഫ. കെ.എം. കുര്യാക്കോസ് (9447090463), ഡോ. ജേക്കബ് ഇട്ടൂപ്പ് (9446511134), എൻജിനീയർ ബേസിൽ എബ്രഹാം (9947068100) എന്നിവരുമായി ബന്ധപ്പെടാം.
കോതമംഗലത്തിന്റെ അഭിമാനകരമായ പൈതൃകവും കലാ–സാംസ്കാരിക വൈവിധ്യവും പുതിയ തലമുറയിലേക്ക് പകരുന്നതിനും നാടിന്റെ വികസനത്തിലും സാംസ്കാരിക മുന്നേറ്റത്തിലും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ജനകീയ വേദിയായാണ് കേരളപ്പിറവി ആഘോഷത്തെ വിഭാവനം ചെയ്യുന്നതെന്ന് ആഘോഷക്കമ്മിറ്റി ചെയർമാൻ ഷിബു തെക്കുംപുറം എംഎൽഎ, രക്ഷാധികാരി പ്രൊഫ. ബേബി M വർഗീസ്, ജനറൽ കൺവീനർ പ്രൊഫ. കെ.എം. കുര്യാക്കോസ്, നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി എന്നിവർ അറിയിച്ചു.



















































