പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പിൽ സനീഷ് (34) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് സംഭവം. ആലുവ മാർക്കറ്റിനു സമീപമുള്ള കെ.പി.ബി നിധി എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്. കമ്പനിപ്പടിയിലെ സ്വർണ്ണപ്പണമിടപാട് സ്ഥാപനത്തിൽ വച്ചിരിക്കുന്ന 90 ഗ്രാമോളം സ്വർണ്ണം കെ.പി.ബി നിധിയിലേക്ക് മാറ്റി പണയം വക്കാൻ ആഗ്രഹമുണെന്ന് പറഞ്ഞ് മാനേജരെ സമീപിക്കുകയായിരുന്നു.
കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിന്റെ സ്റ്റാഫ് ആണെന്നും പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിൻറെ മുന്നിലേക്ക് കെ പി ബി നിധിയുടെ മാനേജരെ വിളിച്ച് വരുത്തി സ്വർണ്ണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം കൈമാറി രണ്ടര ലക്ഷത്തോളം രൂപ വാങ്ങി മുങ്ങുകയായിരുന്നു. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ രാത്രി മലപ്പുറം കാളികാവിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലും, പെരുന്തൽമണ്ണയിലും സനീഷിനെതിരെ സമാന രീതിയിലുള്ള കേസുകളുണ്ട്.
അന്വഷണസംഘത്തിൽ ഇൻസ്പെക്ടർ സി.എൽ.സുധീർ, എസ് ഐ ആർ.വിനോദ്, എ എസ് ഐ കെ.പി.ഷാജി, സി പി ഒമാരായ മാഹിൻഷാ അബൂൂക്കർ, മുഹമ്മദ് അമീർ, ഹാരീസ് എന്നിവരാണ് ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കെ കാർത്തിക് പറഞ്ഞു