കോതമംഗലം: കോതമംഗലം ബ്ലോക്കില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 10 പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും ഓണച്ചന്തകള്‍ ആരംഭിച്ചു. 25 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി വിലയേക്കാള്‍ 30% കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും 10% ഉയര്‍ന്ന നിരക്കില്‍ നാടന്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുകയും ചെയ്താണ് കൃഷിവകുപ്പിന്റെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം 5 ടണ്‍ പച്ചക്കറികള്‍ ഹോര്‍ട്ടിക്കോര്‍പ്പില്‍ നിന്ന് സംഭരിച്ച് വിപണികളില്‍ വിപണനത്തിനായി എത്തിയിട്ടുണ്ട്.
പ്രാദേശികമായി കര്‍ഷകരില്‍ നിന്ന് വാഴക്കുലകള്‍, ചേന, നാടന്‍ പച്ചക്കറികള്‍ എന്നിവയും സംഭരിച്ച് വിപണനം നടത്തുന്നുണ്ട്. ഇത്തവണത്തെ കൃഷിവകുപ്പിന്റെ ഓണച്ചന്തകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
പിണ്ടിമന കൃഷി ഭവന്റെ ഓണചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു ഉദ്ഘാടനം ചെയ്തു. പിണ്ടിമന പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജോയ് ജോസഫ്, പഞ്ചായത്ത് അംഗങ്ങള്‍, കൃഷിഭവന് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.



















































