മൂവാറ്റുപുഴ: മേക്കടമ്പിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് കാർ പാഞ്ഞു കയറി യുവനടനുള്‍പ്പടെ മൂന്ന് പേര് മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും മൂന്ന് അതിഥി തൊഴിലാളികൾക്കും അപകടത്തില്‍ പരിക്കേറ്റു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്. നിധിൻ (35) അശ്വിൻ (29) ബേസിൽ ജോർജ് (30) എന്നിവരാണു മരിച്ചത്. ഞായറാഴ്ച്ച രാത്രി ഒമ്പതു മണിയോടെയാണ് അപകടം.
അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് പാഞ്ഞ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലേക്ക് പാഞ്ഞ് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ പൂർണ്ണമായും തകർന്നു. ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനാണ് ബേസിൽ. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ലിതീഷ് (30), സാഗർ (19), അതിഥി തൊഴിലാളികളായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് അപകടത്തിൽ പരുക്ക്.