കോതമംഗലം : ആൾമാറാട്ടം നടത്തി പണം തട്ടിയതിന് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റിലായിരുന്ന പ്രതിയെ കോതമംഗലം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പോലീസുദ്യോഗസ്ഥനെന്ന പേരിൽ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയതിനാണ് വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടിൽ രതീഷ് (38) എന്ന ആളെ കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് സിഐ ആണെന്ന് പറഞ്ഞ് പ്രതി പരാതിക്കാരനായ യുവാവിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിക്ക് ഫേസ്ബുക്ക് വഴി മെസ്സേജ് അയച്ചതിന് പെൺകുട്ടിയുടെ അച്ഛനും ആങ്ങളയും പരാതിയുമായി വന്നിട്ടുണ്ടെന്നും 50,000 രൂപ കൊടുത്താൽ പറഞ്ഞ് സെറ്റില്‍ ചെയ്യാം എന്നും പറഞ്ഞാണ് തട്ടിപ്പിന് ശ്രമിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ കെ.എം.മഹേഷ് കുമാറിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും.