പോത്താനിക്കാട്: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധനയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കുന്നതിനായി കാര്‍ഷിക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ കൃഷിയിടങ്ങളില്‍ മണ്ണ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, മണ്ണ് പരിശോധനയ്ക്കായി ശാസ്ത്രീയമായി മണ്ണ് സാമ്പിള്‍ ശേഖരിക്കുന്ന രീതി, പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള വളപ്രയോഗം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ജെയിംസ് ഉദ്ഘാടനം ചെയ്തു.
അരിക്കുഴ മണ്ണ് പരിശോധനാ ലാബിലെ റിട്ട. സോയില്‍ കെമിസ്റ്റ് ടോമി വി. വി. സെമിനാറിന് നേതൃത്വം നല്കി. മണ്ണിന്റെ ഘടനയും പോഷക നിലയും മനസ്സിലാക്കി കൃഷിക്ക് ആവശ്യമായ വളപ്രയോഗം ശാസ്ത്രീയമായി ക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യം സെമിനാറില്‍ വിശദീകരിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനില്‍ എബ്രാഹം അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് ജനപ്രതിനിധികളായ ജിജി അനീഷ്, ജിനേഷ് കെ. പോള്‍, മിനി സണ്ണി , സീന സജി,കൃഷി ഓഫീസര്‍ ബോസ് മത്തായി , കൃഷി അസിസ്റ്റന്റ് സുഹറ ടി. എം. എന്നിവര്‍ പ്രസംഗിച്ചു.


















































