കോതമംഗലം: അയ്യങ്കാളിയെ പോലെ ധീരമായ നേതൃത്വം ആദിവാസി സമൂഹത്തിൽ നിന്നുണ്ടാകണമന്ന് യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം. കേരള ആദിവാസി ഐക്യവേദി ഇടമലയാറിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന സമരങ്ങളില്‍ അസാധാരണവും സമാനതകളില്ലാത്തതുമായിരുന്നു സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്ര. രാജ്യത്തിനു സ്വാതന്ത്ര്യവും ഭരണഘടനയും ഇല്ലാതിരുന്ന കാലത്ത് അവർണൻ്റെ അവകാശത്തിനു വേണ്ടി, സമര പോരാട്ടം നടത്തിയ മഹത് വ്യക്തിയാണ് അദ്ദേഹം. ഇന്നു ഭരണഘടന എല്ലാ അവകാശങ്ങളും ഉറപ്പു നൽകുമ്പോഴും അവയെല്ലാം നിഷേധിക്കപ്പെട്ട് കഴിയുന്നവരാണ് ആദിവാസികളെന്ന് അദ്ദേഹം പറഞ്ഞു.
ആഘോഷ പരിപാടികൾ ഊരുമൂപ്പൻ തങ്കപ്പൻ പഞ്ചനോടൊപ്പം ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ഐക്യവേദി പ്രസിഡൻ്റ് ചിത്ര നിലമ്പൂർ, സെക്രട്ടറി ബിനു പുത്തൻപുരയ്ക്കൽ, പി.കെ.പ്രകാശൻ, ദിവാകരൻ പെരുമാൾ എന്നിവർ പ്രസംഗിച്ചു. ഛായചിത്രത്തിൽ പുഷ്പാർച്ചനയും കലാപരിപാടികളും നടന്നു.
ഫോട്ടോ : കേരള ആദിവാസി ഐക്യവേദി ഇടമലയാറിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷത്തിൽ യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം പുഷ്പാർച്ചന നടത്തുന്നു. ദിവാകരൻ പെരുമാൾ, പി.കെ.പ്രകാശൻ, ഊരുമൂപ്പൻ തങ്കപ്പൻ പഞ്ചൻ, ചിത്ര നിലമ്പൂർ, ബിനു പുത്തൻപുരയ്ക്കൽ എന്നിവർ സമീപം.