കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന് സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് പ്രതി പോലിസ് പിടിയിലായത്. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വെസ്റ്റ് ബംഗാള്‍ പോലിസിന് കൈമാറും. വെസ്റ്റ് ബംഗാളില്‍ നിന്നും തോക്കുകള്‍ കടത്തിയ കേസില്‍ ആറുപേരെ ബംഗാള്‍ പോലിസ് പിടികൂടിയിരുന്നു.
പ്രതി സാബിര്‍ അലി മോണ്ടല്‍ അവിടെ നിന്നും പോലിസിനെ വെട്ടിച്ച് കേരളത്തിലേക്ക് കടക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃക്കാരിയൂര്‍ ആയക്കാട് ഉണ്ടെന്ന് വ്യക്തമായത്. പ്രതി സാബിര്‍ ആയക്കാടുള്ള അതിഥി തൊഴിലാളിയോട് ജോലി വേണമെന്നാവശ്യപ്പെട്ട് ഫോണ്‍ ചെയ്തതാണ് പോലിസിന് പ്രതിയിലേക്കെത്താന്‍ സഹായകമായ സൂചന ലഭിച്ചത്. ഇതോടെ പോലിസ് ആയക്കാടേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. കോതമംഗലം എസ്എച്ച്ഒ കെ.എച്ച്.ഹാഷിമിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
























































