കോതമംഗലം:ഓട നിർമാണത്തിലെ അപാകത മൂലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാത നവീകരണത്തിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട നിർമാണത്തിലെ അപാകത മൂലം വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്‌നം. 100 മീറ്റർ നീളത്തിൽ വെള്ളം എപ്പോഴും കെട്ടിക്കിടക്കുകയാണ്. മഴ പെയ്യുമ്പോൾ റോഡ് നിറയെ വെള്ളമാകും.
അല്ലാത്തപ്പോൾ റോഡിന്റെ പകുതി വീതിയിൽ വെള്ളമുണ്ട്. ഓടയിലൂടെയെത്തുന്ന മാലിന്യവും ചേരുന്നതിനാൽ മലിനജലമാണു റോഡിൽ കെട്ടിക്കിടക്കുന്നത്. ഇവിടെയുള്ള ഗവ. ഹൈസ്കൂളിലേക്കും ക്ഷേത്രത്തിലേക്കും വ്യാപാര സ്‌ഥാപനങ്ങളിലേക്കും വീടുകളിലേക്കുമൊക്കെ ഈ മലിനവെള്ളത്തിലൂടെ വേണം പ്രവേശിക്കാൻ. ദേശീയപാതയിൽ നിന്നു തിരിയുന്ന ഇടറോഡിലും വെള്ളം കെട്ടിക്കിടക്കുകയാണ്. മലിനജലത്തിലൂടെയല്ലാതെ വിദ്യാർഥികൾക്കു സ്‌കൂളിലേക്കു പ്രവേശിക്കാൻ കഴിയില്ല.
ദേശീയ പാതയിലൂടെ വാഹനങ്ങൾ ചീറിപ്പായുമ്പോൾ കാൽനട യാത്രക്കാരുടെമേലും, ഇരുചക്ര വാഹനയാത്രക്കാരുടെ മുകളിലും ഈ മലിനജലം പതിക്കും. കഴിഞ്ഞ ദിവസം നഗരസഭാധികൃതർ ഇടപെട്ടു മലിനജലം ടാങ്കർ ലോറിയിൽ പമ്പ് ചെയ്തു നീക്കിയെങ്കിലും വീണ്ടും മഴപെയ്തപ്പോൾ പഴയപടിയായി.



















































