കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. കൊയ്നിപ്പാറ കൊപ്പാറതെക്കേതില്‍ സതീഷ്‌കുമാറിന്റെ വീടാണ് ആനകൂട്ടം തുകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. വീട് തകര്‍ത്തിന് ഏകദേശം 200 മീറ്റര്‍ മാറി രാവിലെ ഏറെ നേരം ആനകൂട്ടം തമ്പടിച്ചിട്ടുണ്ടായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ മുറിയുടെ ഭിത്തിയും മേല്‍ക്കൂര ഷീറ്റും അടിച്ചുതകര്‍ത്ത നിലയിലാണ്.
മുമ്പ് പ്രദേശത്ത് 15 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നതാണ്. ആന ശല്യം കാരണം ഭൂരിഭാഗം ആളുകളും നാടും വീടും ഉപേക്ഷിച്ചു. ഏതാനും മാസമായി സതീഷും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു. സതീഷിന്റെ വീടിന് സമീപം വരയില്‍ ശശിയും കുടുംബവും മാത്രമാണ് നിലവില്‍ താമസിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം വീടിന് സമീപം ആനകൂട്ടം എത്തിയപ്പോള്‍ ഓടിക്കാനായി പടക്കം പൊട്ടിച്ച് രണ്ട് കൈവിരലുകള്‍ നഷ്ടപ്പെട്ടിരുന്നു. ശശിയുടെ ഭാര്യ ഉഷയാണ് വീട് തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ഭൂമിക്ക് പട്ടയം ഇല്ലാത്തത് കാരണം നഷ്ടപരിഹാരവും ലഭിക്കില്ല.




















































