പെരുമ്പാവൂര്‍: ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ച് മാല തട്ടിയെടുത്ത കേസില്‍ ഏഴ് പ്രതികള്‍ പോലീസ് പിടിയില്‍. അല്ലപ്ര വെങ്ങോലയില്‍ താമസിക്കുന്ന ഇരിങ്ങോള്‍ പട്ടാല്‍ വേളൂര്കുന്ന് അനൂപ് (47), ഇടുക്കി രാമക്കല്‍മേട് കരുണാപുരം മടപ്പിള്ളിഡാനിയേല് എന്ന് അറിയപ്പെടുന്ന പ്രണവ് .കെ പ്രവീണ്‍ (26), നെടുങ്കണ്ടം മഞ്ഞപ്പെട്ടി പടയാട്ടില്‍ എമില്‍ എല്‍ജോ ഏലിയാസ്, (29) വെസ്റ്റ് വെങ്ങോല മരോട്ടുചുവട് പൊഞ്ഞാശ്ശേരി കുന്നുമ്മത്തറ സുജിത്ത് (36), സൗത്ത് വല്ലം, ചേലാമറ്റം റയോണ്‍പുരം സ്രാമ്പിക്കല്‍ റെനീഷ് അലി (44), മാറംപിള്ളി ഏഴിപ്പുറം കണ്ണന്ങ്ങോടന് മണ്ണ് അയിയാര് എന്ന് അറിയപ്പെടുന്ന മുഹമ്മദ് അലിയാര് (54), വെങ്ങോല നക്കിലിക്കാട്ട് സുനില്‍ വാസു (44) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഈ മാസം 4ന് രായമംഗലം നങ്ങേലിപ്പടി ഭാഗത്ത് കൂള്‍ബാര്‍ നടത്തുന്ന ഭിന്നശേഷിക്കാരനെയാണ് ഏഴംഗ സംഘം ആക്രമിച്ച് മാല പൊട്ടിച്ച് കടന്നുകളഞ്ഞത്.
പെരുമ്പാവൂരിലെ ഒരു ബാറിലിരുന്നാണ് സംഘം മാല പൊട്ടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഉച്ച സമയമാകുമ്പോള്‍ സമീപത്ത് ആരും ഉണ്ടാകില്ലെന്ന് കരുതിയാണ് ആസമയം തെരഞ്ഞെടുത്തത്. ഓട്ടോറിക്ഷയിലാണ് സംഘം കടയില്‍ എത്തിയത്. പരിസരം നിരീക്ഷിച്ച് രണ്ട് പേര് ഒട്ടോയിലും രണ്ട് പേര് കടയുടെ പുറത്തും നിന്നും. അനൂപും, പ്രണവ്.കെ.പ്രവീണും, എമിലും ചേര്‍ന്ന് സിഗരറ്റ് ആവശ്യപ്പെട്ട് കടയില്‍ കയറി. ഭിന്ന ശേഷിക്കാരനായ കടയുടമ സാധനം എടുക്കാന്‍ തിരിഞ്ഞ സമയം മര്‍ദ്ദിക്കുകയായിരുന്നു. തുടന്ന് മര്‍ദ്ദനം ഏറ്റ് വീണ ഭിന്ന ശേഷിക്കാരന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിക്കുകയും കടയിലെ മേശയില്‍ നിന്നും സിഗരറ്റും പൈസയും എടുത്ത് കടന്ന് കളയുകയുമായിരുന്നു.
അവിടെ നിന്നും സംഘം വന്ന ഓട്ടോയില്‍ തന്നെ രക്ഷപ്പെട്ടു. എട്ട് പവന് തൂക്കം വരുന്ന മാലയായിരുന്നുവെന്നാണ് കടക്കാരന് പോലീസിനോട് പറഞ്ഞിട്ടുള്ളത്. മോഷണം പ്രതിരോധിക്കാന്‍ ശ്രമിക്കവെ പരാതിക്കാരന്റെ കയ്യിലും മാലയുടെ ഒരു കഷണം ഉണ്ടായിരുന്നു. മോഷണ സംഘം പിന്നീട് പെരുമ്പാവൂരിലെ ഒരു സ്വര്‍ണ്ണക്കടയില്‍ മാല ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് വിറ്റു. അതിനു ശേഷം ബാറിലെത്തിയ സംഘം മദ്യപിക്കുകയും കിട്ടിയ തുക വീതം വച്ച് എടുക്കുകയുമായിരുന്നു. പരാതി കിട്ടിയ ഉടന്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
സംഘാംഗങ്ങള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയത് വിവിധ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു. ശാസത്രീയ അന്വേഷണത്തിലൂടെയാണ് വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ഒരോ പ്രതികളെയും പിടികൂടിയത്. സിഐ റിന്‍സ് എം തോമസ്, എസ്ഐമാരായ എല്‍ദോ പോള്‍, പി.പി.അഭിലാഷ്, കെ.എം അബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇര്‍ഷാദ്, നൗഫല്‍, അരുണ്‍ കെ കരുണന്, ശ്രീജിത്ത് സിവില്‍ പോലീസ് ഓഫീസര്‍മാരായ കുഞ്ഞുമോന്, ദീപക്, രജിത്ത്, രാമനാഥ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.



















































